മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു; കെ കൃഷ്ണൻകുട്ടി പുതിയ മന്ത്രി
തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജി വച്ചു. ജെഡിഎസിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മാത്യു ടി തോമസിന്റെ പടിയിറക്കം. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മാത്യു ടി തോമസിന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തുന്ന കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും തിങ്കളാഴ്ച തീരുമാനിക്കും.
വെള്ളിയാഴ്ച പാർട്ടി അധ്യക്ഷൻ ദേവഗൗഡയുമായി നേതാക്കൾ ബെംഗളൂരുവിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് പാർട്ടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. . കെ കൃഷ്ണൻ കുട്ടിയുടെ സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

മന്ത്രിസ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ മാറ്റണമെന്ന കൃഷ്ണൻകുട്ടി പക്ഷത്തിന്റെ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. രണ്ട് വർഷം കഴിഞ്ഞാൽ മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാമെന്ന് ദേവഗൗഡ വാക്ക് തന്നിരുന്നുവെന്നാണ് കൃഷ്ണൻകുട്ടി പക്ഷത്തിന്റെ വാദം.
അതേസമയം തീരുമാനം ദേശീയ നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് മാത്യു ടി തോമസ് വിഭാഗം ആരോപിച്ചു. മന്ത്രിസ്ഥാനത്തിന് വേണ്ടി പാർട്ടിയിലെ എതിർചേരി തനിക്കും കുടുംബത്തിനുമെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് മാത്യു ടി തോമസ് പറയുന്നത്.












Click it and Unblock the Notifications