വാചകമടിക്കുന്ന യുഡിഎഫ് നേതൃത്വവും കുഴലൂത്ത് നടത്തുന്ന പത്രങ്ങളും, തുറന്നടിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട ഏട് എന്ന് വിശേഷിപ്പിക്കാവുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാർഷിക ദിനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മന്ത്രി എംഎം മണി. അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി നേതാക്കളെ കൽത്തുറുങ്കിലടച്ച് പീഢിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്കിരയാക്കുകയും ചെയ്തുവെന്ന് എംഎം മണി ചൂണ്ടിക്കാട്ടുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ ആജ്ഞകൾക്ക് ഒപ്പം പ്രവർത്തിക്കുകയായിരുന്നു കേരളത്തിലെ കോൺഗ്രസ് സർക്കാരും കോൺഗ്രസ് നേതൃത്വവും എന്നും മന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' 1975 ജൂൺ 25 മുതൽ 1977 മാർച്ച് 23 വരെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങൾ ആയിരുന്നു. ഇന്ത്യൻ ജനതയ്ക്ക് ഭീതിയുടെയും ദുഃഖത്തിന്റെയും നാളുകളായിരുന്നു. സ്വേച്ഛാധിപത്യം അതിന്റെ എല്ലാ ഭീകരതയും ജനാധിപത്യത്തിനു മുകളിൽ അഴിച്ചുവിട്ട നാളുകൾ.
1975 ജൂൺ 25 നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ദരിദ്ര നാരായണന്മാരോട് "നാവടക്കൂ പണിയെടുക്കൂ" എന്ന് അജ്ഞാപിച്ചുകൊണ്ടും സാധാരണക്കാരുടെ മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ടും, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടും, ഇതിനെതിരെയെല്ലാം പ്രതിഷേധിച്ച പ്രതിപക്ഷ ജനനേതാക്കളെ കൽത്തുറുങ്കിലടച്ച് ക്രൂരമായി പീഢിപ്പിക്കുകയും നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയും സ്വേച്ഛാധിപത്യം അധികാരം ആസ്വദിക്കുകയായിരുന്നു.
അന്ന് കേരളം ഭരിച്ചിരുന്ന സർക്കാരും കോൺഗ്രസ് നേതൃത്വവും അടിയന്തരാവസ്ഥക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധിയുടെ ആജ്ഞകൾക്ക് ഒപ്പം പ്രവർത്തിക്കുകയായിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ രാജനെപ്പോലെയുള്ള നിരവധിപേരെ ഉരുട്ടിയും, മർദ്ദിച്ചും കൊന്ന ചരിത്രമാണ് ഇവിടെയും ഉള്ളത്. ഇങ്ങനെ നിരവധിപേർ രക്തസാക്ഷികൾ ആകേണ്ടി വന്നു. നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി നേതാക്കളെ കൽത്തുറുങ്കിലടച്ച് പീഢിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്കിരയാക്കുകയും ചെയ്തു.
ഈ കൊടും ഭീകരതയുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെയും അവസാനം ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ നൽകിയ മറുപടിയിലായിരുന്നുവെന്ന ചരിത്രം ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് ജനാധിപത്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും വാചകമടിക്കുന്ന യുഡിഎഫ് നേതൃത്വവും മറ്റ് നേതാക്കളും, അവർക്ക് കുഴലൂത്ത് നടത്തുന്ന പത്രങ്ങളും അന്ന് ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ എന്ത് ചെയ്തുവെന്നത് ഓർക്കുന്നത് നന്നായിരിക്കും''.
കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!
കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!