
'നാടിന്റെ വികസനത്തിൽ കൈകോർക്കാം'; ചെന്നിത്തലയ്ക്കൊപ്പം റിയാസ്; ഫോട്ടോ പങ്കിട്ട് മന്ത്രി
തിരുവനന്തപുരം: ചെന്നിത്തലയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ മന്ത്രി പങ്കിട്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.
'നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം' എന്നായിരുന്നു പങ്കിട്ട ഫോട്ടോയ്ക്ക് പിന്നാലെ മന്ത്രി കുറിച്ചത്. വലിയഴീക്കല്‍ പാലം ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പരസ്പരം സംസാരിക്കുന്ന ചിത്രമാണ് 'നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം' എന്ന ക്യാപ്ഷനോടെ മുഹമ്മദ് റിയാസ് പങ്കുവച്ചത്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് വലിയഴീക്കല്‍ പാലം നാടിന് സമര്‍പ്പിച്ചത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. പുതിയ പാലം വരുന്നതോടെ ആലപ്പുഴ-കൊല്ലം ദൂരം 28 കിലോമീറ്ററോളം കുറയും. നിലവിൽ 86 കിലോമീറ്ററാണ് ഇരു പഞ്ചായത്തുകളും തമ്മിലുള്ള ദൂരം. ഇത് 58 കിലോമീറ്ററായി ചുരുങ്ങും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഭാവി തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാലത്തിന് സമീപം നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചിരുന്നു. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.