സര്‍ക്കാര്‍ വാഹനത്തില്‍ മന്ത്രി പിജെ ജോസഫിന്റെ പാല്‍കച്ചവടം
തിരുവനന്തപുരം: സര്‍ക്കാരിന്റെ ആഡംബര കാറില്‍ മന്ത്രിയുടെ പാല്‍ക്കച്ചവടം. മന്ത്രി പിജെ ജോസഫിന്റെ വീട്ടില്‍ നിന്നും പ്രമുഖ ബേക്കറിയിലേയ്ക്ക് പാല്‍ കൊണ്ടു പോകുന്നതിന് വേണ്ടി ഉപയോഗിയ്ക്കുന്നത് സര്‍ക്കാരിന്റെ ആഡംബരകാര്‍. ഔദ്യോഗിക വസതിയില്‍ മന്ത്രി വളര്‍ത്തുന്ന പശുക്കളുടെ പാല്‍ വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ വാഹനം ഉപയോഗിയ്ക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് ഇടുക്കിയിലേത് പോലെ തന്നെ തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലും പശുക്കളെ വളര്‍ത്തുന്നുണ്ട്. എന്നാല്‍ രാവിലെയും വൈകിട്ടും മന്ത്രിയുടെ വീട്ടില്‍ നിന്ന് പാല്‍ കൊണ്ടു പോകുന്നതിന് ഉപയോഗിയ്ക്കുന്നതാവട്ടേ സര്‍ക്കാര്‍ വാഹനവും. കേരള റൂറല്‍ വാട്ടര്‍ സപ്‌ളൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ വാഹനത്തിലാണ് പാല്‍ വില്‍ക്കാന്‍ കൊണ്ട് പോകുന്നത്.

പിജെ ജോസഫിന്റെ ഔദ്യോഗിക വസതിയായ നന്ദന്‍കോട്ടെ പെരിയാറില്‍ നിന്നും കെഎല്‍ 01 ബിസി 2405 വോക്‌സ് വാഗന്‍ ജെറ്റയ്‌ലാണ് പാല്‍ക്കച്ചവടം. വാര്‍ത്ത പുറത്ത് വന്നതോടെ വീട്ടില്‍ നിന്നും പാല്‍ കൊണ്ട് പോകുന്നത് ബൈക്കിലാണെന്നും പാല്‍ക്കാരന്‍ ഇല്ലാത്തതിനാലാകാം വാഹനം ഉപയോഗിച്ചത് എന്ന വിശദീകരണവുമായി മന്ത്രി എത്തി.
എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ സര്‍ക്കാര്‍ വാഹനം ഉപയോഗിയ്ക്കാമോ എന്നതിന് മന്ത്രി ഉത്തരം നല്‍കിയില്ല. മുന്‍പും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ ഒദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications