കോളേജുകളിലും പ്രവേശനോത്സവം; ജൂലായ് 1 ന് കോളേജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു
കോട്ടയം: ജൂലായ് ഒന്നിന് സംസ്ഥാന വ്യാപകമായി കോളേജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. നാല് വർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും.
സ്കൂൾ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളേജുകളിൽ പ്രവേശനോത്സവത്തിന് ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദർശനം ഓരോ സ്ഥലത്ത് നടത്താമെന്നും മന്ത്രി പറഞ്ഞു. എം ജി സർവകലാശാലയിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പിൽമാരുമായും നോഡൽ ഓഫീസർമാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.

ബിരുദ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നത് വഴി ആർക്കും ജോലി നഷ്ടപ്പെടില്ലെന്നും നിലവിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിലനിർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല, ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ നടപ്പാക്കുമ്പോഴുള്ള പരാതികൾ അപ്പപ്പോൾ പരിഹരിക്കാൻ സർവകലാശാലാ തലത്തിലും കോളേജ് തലത്തിലും സമിതി വേണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ സർവകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടർ നടപ്പിലാക്കും. പരീക്ഷകൾക്ക് പുറമെ കലാകായിക മത്സരങ്ങളും ഒരേ സമയത്ത് നടത്തുമെന്നും പറഞ്ഞു.
രാജ്യാന്തര തലത്തിലെ വിഖ്യാത സർവകലാശാലകളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താൻ ലക്ഷ്യമിട്ടാണ് ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കോളേജുകളിൽ കേന്ദ്രീകൃത സംവിധാനം ഉറപ്പാക്കണം പഠനത്തിനൊപ്പം നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ സംരംഭങ്ങളായി വളർത്താനും സഹായകമായ സാഹചര്യം ഉണ്ടാകണം, മന്ത്രി പറഞ്ഞു.
നൈപുണ്യ വികസനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ സർക്കാർ എം പാനൽ ചെയ്ത ഏജൻസികളുടെ സേവനം കോളേജുകൾക്ക് ലഭിക്കും. ആദ്യ ഘട്ടത്തിൽ ബുദ്ധിമുട്ടുകളുണ്ടായാൽ പരിഹരിക്കാൻ കോളേജ് സർവകലാശാല തലങ്ങളിൽ സംവിധാനം വേണം. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ക്രമീകരണം സുഗമമാക്കുന്നതിന് ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തും. നാലം വർഷം പൂർത്തിയാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് പോകുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടമാകാത്ത രീതിയിലായിരിക്കും ക്രമീകരണം എന്നും മന്ത്രി പറഞ്ഞു. അറിവുകൾ സ്വീകരിക്കുന്നതിനപ്പുരം വിദ്യാർത്ഥികളെ അറിവ് ഉത്പാദിപ്പിക്കുന്നവരാക്കി മാറ്റുന്ന സംവിധാനമാണ് ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications