Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നല്ല ഇനി നാല്; ബിരുദ പഠനം നാല് വര്‍ഷമാക്കുന്നു; കരിക്കുലം പരിഷ്‌ക്കരിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ നടപടി ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് മാതൃകാ രൂപരേഖ തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ സംസ്ഥാനതല ശില്പശാല നവംബര്‍ 29ന് തിരുവനന്തപുരത്ത് ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്‌സ്റ്റെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ശില്പശാല ചൊവ്വാഴ്ച രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായിരിക്കും.

kerala

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിന് ആദ്യപടിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലാ തലത്തില്‍ തൊട്ട് കോളേജ് തലങ്ങളില്‍ വരെ ചര്‍ച്ച നടത്തും. അവിടെയുയരുന്ന ഭേദഗതികള്‍കൂടി വിലയിരുത്തി സമഗ്രമാക്കി സര്‍വ്വകലാശാലകള്‍ക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്.

സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ, അസാപ്, കെ-ഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോര്‍ത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്‌കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ നയിക്കും. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അതാത് മേഖലകളില്‍ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവര്‍ത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉള്‍പ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴില്‍ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും.

കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും കരിക്കുലം ചര്‍ച്ചകളിലും ഇതേവരെ ഉയര്‍ന്നുവന്ന പൊതു നിര്‍ദ്ദേശങ്ങള്‍ ശില്പശാല വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. അവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി എടുത്താവും ശില്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുകയെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ:

- വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചികള്‍ക്കനുസരിച്ചുള്ള വിഷയങ്ങള്‍ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയില്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തല്‍

- അക്കാദമിക് ക്രെഡിറ്റ് എങ്ങനെ കണക്കാക്കണമെന്നതിനു നിലനിക്കുന്ന മാതൃകകളെ അടിസ്ഥാനമാക്കി പൊതുമാനദണ്ഡം കൊണ്ടുവരല്‍ (ഒരു സെമസ്റ്ററില്‍ 15 ലെക്ച്ചര്‍ അല്ലെങ്കില്‍ ട്യൂട്ടോറിയല്‍ മണിക്കൂറുകള്‍ ഉണ്ടെങ്കില്‍ ആ കോഴ്‌സിന് ഒരു ക്രെഡിറ്റ് എന്ന യുജിസി മാതൃക തന്നെ പിന്തുടരാവുന്നതാണ്. പ്രാക്ടിക്കല്‍ /ലാബ് /ഫീല്‍ഡ് വര്‍ക്ക് എന്നിവക്ക് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ഉണ്ടെങ്കില്‍ അതിനും ഒരു ക്രെഡിറ്റ്; തിയറി പേപ്പറുകളുടെ കാര്യത്തില്‍, ആഴ്ചയില്‍ ഒരു മണിക്കൂര്‍ ലെക്ച്ചര്‍ അല്ലെങ്കില്‍ ട്യൂട്ടോറിയലിനു ചിലവഴിച്ചാല്‍ ഒരു ക്രെഡിറ്റ് എന്ന മാതൃക)

- കോഴ്‌സുകള്‍ രൂപകല്പന ചെയ്യുമ്പോള്‍ ഓരോ ഡിസിപ്ലിനിലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ട ഗുണനിലവാരം കൃത്യമായി ആസൂത്രണം ചെയ്യല്‍ (പഠനതലത്തിലും പ്രായോഗികതലത്തിലും ഓരോ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ആര്‍ജ്ജിക്കേണ്ട തലങ്ങള്‍ അടയാളപ്പെടുത്തപ്പെടണം)

- എല്ലാ ഡിസിപ്ലിനുകളിലും ഫൗണ്ടേഷന്‍ കോഴ്സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കല്‍

- നിലവിലെ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ ഘടനയില്‍ ആവശ്യമായ മാറ്റം വരുത്തല്‍ (നിലവിലെ കോര്‍ വിഷയങ്ങള്‍ മേജര്‍ സ്‌പെഷ്യലൈസേഷന്‍ എന്ന രീതിയില്‍ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്ന തരത്തില്‍ പുനര്‍ക്രമീകരിക്കപ്പെടണം. ഭാഷാവിഷയങ്ങളും കോംപ്ലിമെന്ററി വിഷയങ്ങളും കൂടുതല്‍ ആഴത്തില്‍ മൈനര്‍ സ്‌പെഷ്യലൈസേഷന്‍ എന്ന രീതിയില്‍ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും കൂടെയുണ്ടാവണം)

- വിദ്യാര്‍ത്ഥികളുടെ തൊഴില്‍നൈപുണ്യം, ശേഷി വികസനം എന്നിവയ്ക്ക് ആവശ്യമായ കോഴ്സുകള്‍ ഉണ്ടാവല്‍. ഇത്തരത്തിലുള്ള പ്രായോഗിക പരിശീലനം അക്കാഡമിക് ക്രെഡിറ്റിന്റെ ഭാഗമാക്കല്‍ (ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ക്ക് താത്പര്യമുള്ള ഒരു തൊഴില്‍മേഖലയിലെങ്കിലും പ്രായോഗിക പരിശീലനം നേടുന്നതിന് അവസരമുണ്ടാകണം. നാലുവര്‍ഷബിരുദം തിരഞ്ഞെടുക്കുന്നവര്‍ക്ക് എട്ടാം സെമസ്റ്റര്‍ പൂര്‍ണ്ണമായും ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ പ്രൊജക്റ്റ് ചെയ്യാന്‍ അവസരം)

- കരിക്കുലം പരിഷ്‌കരണങ്ങള്‍ നടപ്പിലാകുമ്പോള്‍ അദ്ധ്യാപകരുടെ നിലവി ലുള്ള വര്‍ക്ക്-ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകള്‍ അഭിസംബോധന ചെയ്യല്‍. (ഓരോ അദ്ധ്യാപകര്‍ക്കും ഓരോ സെമസ്റ്ററും 16 ക്രെഡിറ്റ് ലഭിക്കുന്നതിനാവശ്യമായ കോഴ്‌സുകള്‍ നല്കാന്‍ കഴിയുന്ന വിധത്തില്‍ ഫൗണ്ടേഷന്‍ കോഴ്സുകളുടെയും ജനറല്‍ ഇലെക്റ്റിവ് കോഴ്സുകളുടെയും കോര്‍ കോഴ്സുകളുടെയും ഇലെക്റ്റിവ് കോഴ്സുകളുടെയും കോഴ്‌സ് ബാസ്‌കറ്റുകള്‍ രൂപരേഖയുടെ ഭാഗമായി നിര്‍ദ്ദേശിക്കാവുന്നതാണ്)

ഇത്തരം എല്ലാം സാധ്യതകളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു കരിക്കുലം രൂപരേഖയാണ് ശില്പശാലയില്‍ രൂപമെടുക്കുക. തയാറാക്കപ്പെടുന്ന രൂപരേഖ പൊതുസമൂഹത്തിലും ചര്‍ച്ചക്ക് വിധേയമാക്കും. പിന്നീടാവും തുടര്‍നടപടികളിലേക്ക് പ്രവേശിക്കുക - മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+