'റിയാസിന്റെ പ്രതികരണം എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടതിന്റെ പ്രതിഫലനം'; ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുന്നണി സംവിധാനത്തിന്റെ മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായി മുഖ്യമന്ത്രി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് എ ഐ ക്യാമറ ഇടപാടെന്നും മുഖ്യമന്ത്രി എത്രമാത്രം മൗനം തുടർന്നാലും ഈ അഴിമതി ഇല്ലാതാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുമ്പോൾ സംരക്ഷിക്കാൻ മന്ത്രിമാർ മുതിരുന്നില്ലെന്ന മന്ത്രി റിയാസിന്റെ വാദം ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങളും ബന്ധുക്കളും പ്രതിക്കൂട്ടിലായതിലുളള നീരസമാണെന്നും ചെന്നിത്തല പരിഹസിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്-

'മുഖ്യമന്ത്രി അകപ്പെട്ടു പോയ കെണിയായി മാറിയ എ ഐ ക്യാമറ ഇടപാടിൽ പൊതു സമൂഹം ശക്തമായി പ്രതികരിച്ചതോടെ മന്ത്രിസഭയിലും മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോയതിന്റെ പ്രതിഫലനമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുമ്പോൾ സംരക്ഷിക്കാൻ മന്ത്രിമാർ മുതിരുന്നില്ല , മന്ത്രിമാർ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ല, മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിലാണ് മന്ത്രി റിയാസിന്റെ ഈ പ്രതികരണത്തിന്റെ അർത്ഥമെന്താണ്? എ.ഐ ക്യാമറ ഇടപാടിനെ ചൊല്ലി ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോൾ മന്ത്രിമാർ മൗനം പാലിക്കുന്നുവെന്ന മന്ത്രി റിയാസിന്റെ പ്രതികരണത്തിന് എന്ത് പ്രസക്തിയാണുള്ളത്.
ഇത്രയും വലിയ അഴിമതി ചൂണ്ടിക്കാട്ടിയപ്പോഴും പൊതു സമൂഹം സജീവ ചർച്ചയാക്കിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം നൽകേണ്ടത് , മുഖ്യമന്ത്രി മൗനത്തിലാകുമ്പോൾ മന്ത്രിമാർ പ്രതികരിക്കണമെന്നത് വിചിത്രമായ ന്യായം മന്ത്രി റിയാസിന്റെ മാത്രം നിരീക്ഷണ പാടവമാണോ.?ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങളും ബന്ധുക്കളും പ്രതിക്കൂട്ടിലായതിലുളള നീരസമാണ് റിയാസ് പങ്കു വച്ചത്.
മുന്നണി സംവിധാനത്തിന്റെ മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായി മുഖ്യമന്ത്രി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് എ ഐ ക്യാമറ ഇടപാട്. മുഖ്യമന്ത്രി എത്രമാത്രം മൗനം തുടർന്നാലും ഈ അഴിമതി ഇല്ലാതാകുന്നില്ല. എഐ ക്യാമറ ഇടപാടിൽ ക്രമവിരുദ്ധമായതും ചട്ടങ്ങൾ ലംഘിച്ചതുമായ ടെണ്ടർ നടപടികൾ മുതൽ ആരംഭിച്ച വീഴ്ചകൾ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് ?
ഒരു കാര്യം വ്യക്തമാണ് മുഖ്യമന്ത്രി ഏതു കടലിനടിയിൽ ഒളിപ്പിച്ചു വച്ചാലും സത്യം പുറത്തു വരുന്നത് വരെ പോരാട്ടം തുടരും...'












Click it and Unblock the Notifications