മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കാത്ത സര്‍ക്കാര്‍ അധ്യാപകര്‍ക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
കാസര്‍കോട്: മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ശമ്പളം വാങ്ങി അണ്‍എയ്ഡഡ് മേഖലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ പട്ടിക തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓള്‍ കേരള ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹത്തിനെന്ന പോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കടമയുണ്ട്. പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക്. കേരളത്തില്‍ ധാരാളം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നു. ഇത് പൊതുസമൂഹത്തിനിടയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ വിശ്വാസ്യത ഇല്ലാതാക്കും. ഇത്തരം അധ്യാപകര്‍ സ്വയം ചിന്തിച്ച് മാറണം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നൂറ്റി ഇരുപത് അധ്യാപകരുടെ പട്ടിക കിട്ടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി.
പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ മാറ്റങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് കുട്ടികള്‍ ആര്‍ജിക്കേണ്ട കഴിവുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കരിക്കുലത്തില്‍ പുതുക്കി നിശ്ചയിക്കും. ചോദ്യപേപ്പറിന് നിലവാരവും മൂല്യനിര്‍ണയത്തില്‍ സൂഷ്മതയും ഉറപ്പ് വരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications