'നന്നായി അഭിനയിച്ചവര്‍ക്കല്ലേ കൊടുക്കാന്‍ കഴിയൂ'; ഹോം പുരസ്‌കാര വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍
കൊച്ചി: ഹോമിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിജയ് ബാബുവിനെതിരായ പീഡന പരാതിയും ഹോമിന് പുരസ്‌കാരം കൊടുക്കാത്തതും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ സിനിമകളും കണ്ടെന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലുള്ള പരിശോധനയാണ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി.
നടന്‍ ഇന്ദ്രന്‍സ് നടത്തിയ പ്രസ്താവനയിലും മന്ത്രി പ്രതികരിച്ചു. സിനിമ ജൂറി അംഗങ്ങള്‍ പൂര്‍ണമായും കണ്ടു. ഇന്ദ്രന്‍സിന് തെറ്റിദ്ധാരണയുണ്ടായതാവാമെന്ന് മന്ത്രി പറഞ്ഞു. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് ഞാന്‍ അല്ല, ജൂറിക്ക് പരമാധികാരം കൊടുത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പുരസ്‌കാരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയിലും മന്ത്രി പ്രതികരിച്ചു. നന്നായി അഭിനയിച്ചവര്‍ക്കല്ലേ കൊടുക്കാന്‍ കഴിയൂ?. കോണ്‍ഗ്രസസുകാര്‍ നന്നായി അഭിനയിച്ചാല്‍ അടുത്ത വര്‍ഷം പരിഗണിക്കാം. അതിനായി പ്രത്യേക ജൂറിയെ വെക്കാമെന്നും മന്ത്രി പരിഹസിച്ചു.
ഇതിനിടെ, ഇന്ദ്രന്‍സിന്റെ പരാമര്‍ശത്തിനെതിരെ ജൂറി ചെയര്‍മാന്‍ സെയ്ദ് അഖ്തര്‍ മിര്‍സയും രംഗത്തെത്തിയിരുന്നു. ഹോം സിനിമ അവാര്‍ഡിനായി പരിഗണിച്ചില്ലെന്ന നടന്‍ ഇന്ദ്രന്‍സിന്റെ വാദം തെറ്റാണെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞു. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടിട്ടുണ്ടെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നും ആണ് സെയ്ദ് മിര്‍സ പറഞ്ഞത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ഹോം എന്ന ചിത്രത്തിന് പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണന ലഭിക്കാത്തതിലാണ് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം.
അതേസമയം, മികച്ച നടനുള്ള പുരസ്‌കാരം തനിക്ക് ലഭിക്കാത്തതില്‍ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോന്റെയും ജോജു ജോര്‍ജിന്റെയും ആരാധകനാണ് താനെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ബിജു മേനോനും ജോജു ജോര്‍ജിനും കിട്ടിയ പുരസ്‌കാരം എനിക്ക് കിട്ടിയത് പോലെയാണ്. അതില്‍ ഞാന്‍ ആനന്ദിക്കുന്നു. സംവിധായകന്‍ റോജിന്‍ തോമസിന് വേദനയുണ്ടാകും. എല്ലാവരും ഹോം സിനിമയെ അഭിനന്ദിച്ചിരുന്നു. പുരസ്‌കാരം ലഭിക്കാതെ പോയതിന്റെ വേദനയാണ് സംവിധായകന്. അടുത്ത കൂട്ടുകാര്‍ക്കും സിനിമകള്‍ക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.












Click it and Unblock the Notifications