കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു; ചെറുത്ത് തോല്‍പ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍

നമ്മുടെ രാജ്യത്തിന്റെ മതേതരത്വം മറ്റ് രാജ്യങ്ങള്‍ക്കാകെ മാതൃകയാണ്. മതേതരത്വത്തിനെതിരേയുള്ള ഏത് വെല്ലുവിളിയും ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ.

Google Oneindia Malayalam News
saji

ആലപ്പുഴ: ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളില്‍ നിന്നും ഉണ്ടാകുന്നതെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉന്നതമായ നമ്മുടെ ഭരണഘടനയുടെ കാവലാളായി ഓരോരുത്തരും മാറേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്തിന്റെ മതേതരത്വം മറ്റ് രാജ്യങ്ങള്‍ക്കാകെ മാതൃകയാണ്. മതേതരത്വത്തിനെതിരേയുള്ള ഏത് വെല്ലുവിളിയും ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചകളുണ്ടായാല്‍ അത് രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയ്ക്കുതന്നെ പ്രതിബന്ധമാകും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടുകൂടാ. സൗഹാര്‍ദവും സാഹോദര്യവും സമാധാനവും ഐശ്വര്യപൂര്‍ണമായ ഭാരതമെന്ന സ്വപ്നം തകര്‍ക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുക്കണം. ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞതുപോലെ ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും ആണെന്നതിനപ്പുറം പ്രാഥമികമായ യാഥാര്‍ഥ്യം നമ്മള്‍ ഇന്ത്യക്കാരാണെന്നതാണ്. എന്നാല്‍ ഇന്ത്യക്കാര്‍ എന്ന വികാരത്തിനുമുകളില്‍ ജാതി, മത വര്‍ഗീയ വികാരങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളില്‍ നിന്നും നടക്കുന്നത്. ഇത്തരം നീക്കങ്ങളെ ഒന്നായി നിന്ന് പരാജയപ്പെടുത്തുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തോടുള്ള നമ്മുടെ കൂറ് പുലര്‍ത്തല്‍ കൂടിയാണ്.

സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പ് ആരംഭിച്ചതും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ജനസംഖ്യാനുപാതികമായി ബജറ്റുവിഹിതം ഏര്‍പ്പെടുത്തിയതും പൊതുമേഖലയില്‍ അവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് പ്രത്യേകം റിക്രൂട്ട്‌മെന്റ് നടത്തിയതും അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് പൊതുവിപണിയില്‍ ഇടപെട്ടതും ഭരണഘടന പറയുന്ന സാമൂഹിക സാമ്പത്തിക നീതി സംസ്ഥാനത്ത് ഉറപ്പുവരുത്താനാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നതും റോഡുകളും പാലങ്ങളും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതും സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തുന്നതും സംസ്ഥാനത്ത് വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. സാമൂഹിക സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതും ഈ പൊതു സമീപനത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നഷ്ടപ്രതാപം വീണ്ടെടുത്തു. ലക്ഷക്കണക്കിന് കുട്ടികള്‍ കൂടുതലായി സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലേക്ക് കടന്നുവന്നു.

സംസ്ഥാന സര്‍ക്കാര്‍ ഏവര്‍ക്കും മാതൃകയായുള്ള ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഇത് വിവിധ രാഷ്ട്രങ്ങളുടെ വരെ പ്രശംസക്ക് കാരണമായി. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതും ജലസ്രോതസ്സുകള്‍ നവീകരിക്കുന്നതും വിഷമുക്തമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതും പൊതുജനാരോഗ്യ സംവിധാനം നവീകരിക്കുന്നതും ഭവനരഹിതര്‍ക്കും വീടും ജീവനോപാധിയും നല്‍കുന്നതും മികച്ച ബദല്‍ നയങ്ങളുടെ ഭാഗമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സുദീര്‍ഘമായി നമുക്ക് ജനാധിപത്യവും ഭരണഘടനയും നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ്. നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാള ഭരണത്തിലേക്ക് വഴുതി വീഴുന്നത് നാം കണ്ടു. മതാധിപത്യത്തിനുള്ള മുറവിളികള്‍ പലയിടത്തും ഉണ്ടായതും കണ്ടു. സാമ്രാജ്യത്തത്തിന്റെ കടന്നുകയറ്റത്താല്‍ ജനാധിപത്യം ദുര്‍ബ്ബലമാകുന്നതും കണ്ടു. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ജനാധിപത്യം ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്ര. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ നമുക്കിനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. പരമാധികാര സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നമ്മള്‍ ഉറച്ചു നില്‍ക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം- മന്ത്രി പറഞ്ഞു.

English summary
Minister Saji Cherian Says Attempts to subvert the Constitution should be resisted and defeated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X