കലോത്സവത്തിൽ നോൺ വെജും വിളമ്പുമെന്ന് മന്ത്രി ശിവൻകുട്ടി; 'വിവാദങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യം'
തിരുവന്തപുരം: കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. അടുത്തവർഷം മുതൽ കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.അതേസമയം ഈ വർഷം ഈ ഘട്ടത്തിൽ നോൺ വെജ് വിളമ്പാൻ സാധിക്കുമോയെന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചർച്ചകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

'വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാവുക.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ നൽകിവന്നിരുന്നത് വെജിറ്റേറിയൻ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീർച്ച. ഈ വർഷം ഈ ഘട്ടത്തിൽ അത് നടപ്പാക്കാൻ ആകുമോ എന്നത് പരിശോധിക്കുന്നു. അടുത്തവർഷം മുതൽ എന്തായാലും കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചർച്ചകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു'
'പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. നോൺ വെജ് വിളമ്പുമ്പോൾ പല സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. 20,000ത്തിൽ അധികം പേർ കലോത്സവത്തിന് ഭക്ഷണം കഴിക്കാൻ എത്തുന്നുണ്ട്.
സർക്കാരിനെ സംബന്ധിച്ച് നോൺ വെജ് വിളമ്പുന്നതിന് പ്രശ്നങ്ങളൊന്നും ഇല്ല. പറ്റുമോയില്ലയോ എന്നുള്ളതാണ്. ഇത്തവണ വിളമ്പാൻ ആകുമോയെന്നത് പെട്ടെന്ന് തീരുമാനിക്കാൻ ആകില്ലല്ലോ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിക്കണം. കുട്ടികളാണല്ലോ കഴിക്കേണ്ടത്. അവർക്ക് ഭക്ഷണം കഴിക്കുമ്പോൾ പ്രശ്നങ്ങൾ ഇല്ലെന്നൊക്കെ ഉറപ്പാക്കേണ്ടതുണ്ടല്ലോ. അടുത്ത വർഷം നോൺ വെജ്, വെജ് ഭക്ഷണമുണ്ടാകുമെന്ന് ഉറപ്പ്. അത് സംബന്ധിച്ച് മാനുവലിൽ പരിഷ്കാരം വരുത്തണമോയെന്ത് ആലോചിക്കും.
ഇപ്പോഴത്തെ വിവാദത്തിനു കാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. യുഡിഎഫ് കാലത്ത് കലോല്‍സവം നടക്കുമ്പോള്‍ വിടി ബല്‍റാം ഉറങ്ങുകയായിരുന്നോ. മേളയിൽ രാഷ്ട്രീയം കാണുന്നതിലുള്ള ബുദ്ധിമുട്ടാണ്.പഴയിടത്തിനെതിരായ വിമർശനം ഇപ്പോൾ ഉയർന്ന് വരുന്ന വൃത്തിക്കെട്ട സംസ്കാരത്തിന്റെ ഭാഗമാണെന്ന് മാത്രം മനസിലാക്കട്ടെ', മന്ത്രി വ്യക്തമാക്കി.
കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നുമായിരുന്നു പഴയിടം മോഹനൻ നമ്പൂതിരി വിവാദങ്ങളിൽ പ്രതികരിച്ചത്.കായിക മേളയ്ക്ക് നോൺ വെജ് വിളമ്പാറുണ്ടെന്നും എന്നാൽ കലോത്സ സമയത്ത് നോൺ വെജ് വിളമ്പുക പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications