അധ്യാപിക സഹപാഠിയെക്കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയെ കേരളം ദത്തെടുക്കാന്‍ തയ്യാർ: വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
'ഇനി കുട്ടിക്ക് ആ സ്കൂളില്‍ പഠിക്കാന്‍ സാധിക്കില്ല. സ്കുള്‍ തന്നെ പൂട്ടാന്‍ പോവുന്നു എന്നാണ് കേട്ടത്. ആ കുട്ടിയെ കേരളം ഇവിടേക്ക് ക്ഷണിക്കുകയാണ്. പഠനത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കില്‍ അവർ ആലോചിച്ച് തീരുമാനം എടുക്കട്ടെ. എന്ത് തന്നെയായാലും ആ കുട്ടിയെ ദത്ത് എടുത്ത് പഠിപ്പിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്', വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും വ്യക്തമാക്കി. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞുവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കുന്നു .
മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ചേർത്ത് കേരളം പഠിപ്പിക്കുകയാണ്. എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞദിവസം അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications