ആർഭാടമില്ല, ആഡംബരമില്ല; മന്ത്രി ശിവൻകുട്ടിയുടെ മകൻ റോസ് ഹൗസിൽ വെച്ച് വിവാഹിതനായി
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജ് - റെജി ദമ്പതികളുടെ മകൾ എലീന ജോർജും വിവാഹിതരായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ പങ്കെടുത്തു. വിവാഹ വിവരം മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ആർ. പാർവതി ദേവിയുടെയും എന്റെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി.. എന്നാണ് വിവാഹച്ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചക്. നിരവധി പേരാണ് ആശംസ അറിയിച്ചു ലളിത വിവാഹത്തെ അഭിനന്ദിച്ചും കമന്റുകൾ ഇട്ടിരിക്കുന്നത്.

കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരം ഒരു ചടങ്ങ് ലളിതമായി നടത്തി എല്ലാവർക്കും എല്ലാ രീതിയിലും മാതൃകയായ പ്രീയപ്പെട്ട ശിവൻ കുട്ടി സഖാവിന് അഭിവാദ്യങ്ങൾ, നവ ദമ്പതികൾക്ക് ആശംസകൾ നേരുന്നു സഖാവേ...
മകന്റെ വിവാഹം ഇത്രയും ലളിതമായി, ആഡംബര രഹിതമായി നടത്തി മാതൃക കാട്ടിയ സഖാവിന് അഭിനന്ദനങ്ങൾ. ഇന്ന് പല നേതാക്കളും, വാക്കുകൾ കൊണ്ട് അമ്മാനമാടുമെങ്കിലും, പ്രവർത്തിയിൽ അവരുടെ ആദർശം കാണിക്കാറില്ല. അവിടെയാണ് താങ്കൾ വിജയിച്ചത്.... ലാൽസലാം, വിവാഹം എന്നത് ജ്വല്ലറി യുടെ പരസ്യം പോലെ ആക്കാതെ മാതൃകാ പരമായ ഒരു ചടങ്ങ് ആക്കിയ സഖാവിന്റെ കുടുബത്തിന് അഭിനന്ദനങ്ങൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, ശിവൻകുട്ടിയുടെ മകന്റെ വിവാഹം നടന്ന റോസ് ഹൗസ് മുൻപ് മറ്റൊരു പ്രണയ വിവാഹത്തിനും സാക്ഷിയായിട്ടുണ്ട്. 1957 ൽ കെ ആർ ഗൗരിയമ്മയും ടി വി തോമസും വിവാഹിതരായത് റോസ് ഹൗസിലാണ്.
രസകരമായികുന്നു ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പ്രണയം.
വീടുകൾ അടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഗൗരിയമ്മയ്ക്കും ടി വി തോമസിനും തമ്മിൽ കാണാൻ. മതിലിൽ ഒരു വിടവ് ഉണ്ടാക്കി പിന്നീട് യാത്ര ആ വിടവിലൂടെയായിരുന്നു. ഇരുവരുടെയും പ്രണയം മനസ്സിലാക്കി അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് ആണ് വിവാഹത്തിന് മുൻകൈ എടുത്തത്.












Click it and Unblock the Notifications