തിരുവോണനാളിൽ അമ്മത്തൊട്ടിലിൽ കുഞ്ഞ്; പേരിട്ട് വീണാ ജോർജ്, ഇതാണ് ആ പേര്
തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിൽ നവജാത ശിശുവിനെ കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ 6.25 ന് ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. 2.835 കിലോ ഭാരവും പത്തുദിവസം പ്രായവുമുള്ള കുഞ്ഞിനെ പരിചരണത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യമന്ത്രി വീണാ ജോർജ് പേരിട്ടു. സിതാർ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.
2009- ൽ പത്തനംതിട്ടയിൽ സ്ഥാപിതമായതിന് ശേഷം അമ്മത്തൊട്ടിലിന് ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണ്. വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിന് ശേഷം തിരുവോണ ദിവസം ആദ്യമായാണ് ഒരു കുഞ്ഞിനെ ലഭിക്കുന്നത്. പൂർണ ആരോഗ്യവാനായ കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമതി സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.

നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് കുഞ്ഞ്. അടുത്ത ദിവസം തന്നെ ഓമല്ലൂർ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ പദ്ധതിയുണ്ട്. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലാണ് അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. നിരാലംബരായ, ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. ഒരു മാസത്തിനുള്ളിൽ കാസർകോട്, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി അമ്മത്തൊട്ടിൽ വഴി മൂന്ന് കുട്ടികളെ ലഭിച്ചു.












Click it and Unblock the Notifications