ക്രിസ്മസ് ദിനത്തിൽ അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പൊന്നോമനക്ക് പേര് തേടി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ക്രിസ്മസ് പുലരിയിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് പേര് തേടി ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇന്ന് പുലർച്ചെ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഈ വിവരം അറിയിച്ച് മന്ത്രി പങ്കുവെച്ച കുറിപ്പിലാണ് കുഞ്ഞിന് ഇടാൻ ഒരു പേര് ക്ഷണിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി പേരുകൾ കമന്റുകളായി വന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകൾ ക്ഷണിച്ചു കൊള്ളുന്നു, എന്നാണ് വീണ ജോർജ് കുറിപ്പിൽ പറഞ്ഞത്.

മേരി ക്രിസ്റ്റീന, മറിയം, നക്ഷത്ര, പ്രതീക്ഷ, പുനർജ്ജനി, ഇന്നത്തെ ദിവസം വച്ച് ഏറ്റവും അനുയോജ്യമായ പേര് എയ്ഞ്ചൽ, കരുണ " എന്ന് പേരു യോജിക്കും. ഇനി നാടിൻ്റെ സ്നേഹത്തിലും കരുണയിലും അവൾ വളരട്ടെ, ബെത്‌ലഹേം നക്ഷ്ത്രം പിറന്ന ദിനം... ഇവളെ എസ്തേർ എന്ന് വിളിക്കാം... അർത്ഥം "ബെത്‌ലഹേം നക്ഷ്ത്രം", മാഡം ഒരുപാട് പേരുകൾ കിട്ടിയല്ലോ, പേരിട്ട് കഴിഞ്ഞ് പറയണേ എന്താ പേര് ഇട്ടത് എന്ന് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കേരള സംസ്ഥാമ ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് തൊട്ടിലാണ് അമ്മ തൊട്ടിൽ. ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം പ്രദാനം ചെയ്യുന്ന ഒരു മാർഗമായാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. കോഴിക്കോട് ഒഴികെ സംസ്ഥാനത്തെ ബാക്കി ജില്ലകളിലെല്ലാം അമ്മത്തൊട്ടിലുണ്ട്. 2002 ലെ ശിശുദിനത്തിലാണ് കൗൺസിലിന്റെ പരിസരത്ത് ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. അമ്മത്തൊട്ടിൽ വഴി ലഭിച്ച കുട്ടികളെ തിരുവനന്തപുരം തൈക്കാടുള്ള ഒരു നൂതന ശിശു സംരക്ഷണ കേന്ദ്രത്തിൽ പരിചരിക്കുന്നു. 2 ഡോക്ടർമാരും 8 നഴ്സ്മാരും 76 കെയർ ടേക്കർമാരുമുണ്ട്. ഈ വർഷം അമ്മത്തൊട്ടിലിൽ 12 പെൺകുഞ്ഞിങ്ങളും 10 ആൺകുഞ്ഞുങ്ങളും ഉൾപ്പെടെ 22 കുഞ്ഞുങ്ങളാണ് എത്തിയത്.












Click it and Unblock the Notifications