'പ്രതിക്ക് പരമാവധി ശിക്ഷയ്ക്കുള്ള നടപടി'; കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട്ടിലെത്തി വീണ ജോര്‍ജ്
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്‌സോ ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുട്ടിയുടെ വീട്ടില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയോടെ മന്ത്രി മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇപ്പോള്‍ ഉയരുന്ന വിവാദം അനാവശ്യമാണെന്നും പഴുതടച്ച അന്വേഷണമാണ് ഇ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തത്തിയത്. സര്‍ക്കാര്‍ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാരിന് ഔചിത്യമില്ലെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും ഇതേ തുടര്‍ന്ന് പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications