മാപ്പ് പറയണം; ആശ വർക്കർമാരുടെ സമര സമിതി നേതാവിന് വക്കീല്‍ നോട്ടീസ് അയച്ച് മന്ത്രി വീണയുടെ ഭർത്താവ്
തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്ന ആശ വർക്കർമാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീൽ നോട്ടീസ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് ആണ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മന്ത്രിയുടെ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാൻ അനുമതി നല്‍കിയില്ലെന്ന് മിനി ജോസഫ് ആരോപിച്ചിരുന്നു.
മിനി ജോസഫ് തനിക്കെതിരായി ഉന്നയിച്ച ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ് വക്കീല്‍ നോട്ടീസിലുടെ അറിയിക്കുന്നത്. നോട്ടീസ് കൈവശം എത്തിയിട്ടില്ലെന്നും കിട്ടിയാല്‍ പ്രതികരിക്കാമെന്നുമാണ് മിനി അറിയിക്കുന്നത്.

അതേസമയം, ആശാ വർക്കർമാരുടെ സമരത്തിന് പൂർണ്ണ പിന്തുണ അറിയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അറിയിച്ചു. അർഹവും ന്യായവുമായ ആവശ്യം പരിഗണിക്കാതെ രണ്ടുമാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അന്നന്നത്തെ അന്നത്തിനായി രാവും പകലുമില്ലാതെ നെട്ടോട്ടമോടുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. പക്ഷേ, തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നുപോലും ഒരു പങ്ക് നീക്കിവെച്ച് അരിയും വിറകുമടക്കമുള്ള അവശ്യസാധനങ്ങൾ നൽകി സെക്രട്ടറിയേറ്റിന് മുന്നിലെ അടുപ്പ് പുകയ്ക്കാനുള്ള മനുഷ്യത്വമാണ് അവരിന്നലെ കാണിച്ചത്. സ്വന്തം അമ്മമാരും സഹോദരിമാരുമാണ് അർഹമായ വേതനത്തിനുവേണ്ടി പൊള്ളുന്ന ചൂടിൽ എരിയുന്ന മനസ്സുമായി സമരം ചെയ്യുന്നതെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. ആ മനുഷ്യത്വത്തിന്റെ ഒരണുപോലും ഹൃദയത്തിലില്ലാത്ത സർക്കാർ, അവരെ പുറംകാല് കൊണ്ട് തട്ടിയോടിക്കാനും രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് വിഷം തുപ്പുന്ന നാവുകൊണ്ട് ഒറ്റുകൊടുക്കാനും ശ്രമിക്കുന്ന നെറികേടിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
താരാട്ടുപാട്ട് കേട്ട് തൊട്ടിലിൽ കിടന്നുറങ്ങേണ്ടുന്ന കുഞ്ഞുങ്ങൾ അമ്മമാരുടെ തോളുകളിൽ ഭരണസിരാകേന്ദ്രത്തിന് മുന്നിലെ ചുട്ടുപഴുത്ത വെയിൽ കൊണ്ട് തളർന്നുറങ്ങുകയാണ്. എന്റെ കുഞ്ഞിന് ആഹാരം താ എന്ന് വിതുമ്പിക്കരയുന്ന അമ്മമാരെക്കണ്ട് കേരളം ആത്മാർത്ഥമായി തല കുനിക്കേണ്ടുന്ന അവസ്ഥയിലാണ്. ഡല്‍ഹിയില്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലം പണിയുന്ന കെ.വി. തോമസിന്റെ യാത്രാബത്ത അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തി മഹാമനസ്കത കാണിച്ച സർക്കാരിന് ആശാവർക്കർമാരുടെ 7000 രൂപ ബാലികേറാമലയാകുന്നത് എങ്ങനെയാണെന്ന് ആ കുഞ്ഞുങ്ങൾ പോലും നാളെ വിരൽ ചൂണ്ടി ചോദിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
തുച്ഛമായ വേതനത്തില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയ
ആരോഗ്യമേഖലയുടെ സർവസജ്ജമായ സൈന്യമാണ് ആശാവര്‍ക്കര്‍മാർ. കോവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ അവർ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നമ്മളിൽ പലരുടെയും ജീവൻ നിലനിർത്തുന്നത്. ആരോഗ്യമേഖലയുടെ പ്രതിസന്ധിഘട്ടങ്ങളിലെ മുന്നണി പോരാളികളായ അവരിന്ന് ജീവിത പ്രാരാബ്ധങ്ങളുടെ മുന്നില്‍ സ്വയം പോരാടാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യേണ്ട ഗതികേടിലാണ്. ജോലിഭാരം ദിനംപ്രതി വര്‍ധിച്ചുവന്നിട്ടും അവരുടെ വേതനത്തില്‍ മാത്രം പുരോഗതിയുണ്ടായിട്ടില്ല. ഇന്നും ഓണറേറിയമായി പ്രതിമാസം ലഭിക്കുന്ന കേവലം ഏഴായിരം രൂപയിലാണ് ഓരോ ആശാവര്‍ക്കറുടെയും കുടുംബം പുലരുന്നത്.
ആ തുക ലഭിക്കണമെങ്കില്‍പ്പോലും പത്തോളം നിബന്ധനകള്‍ പാലിക്കണം. ഇതുമൂലം നിലവില്‍ ഇവരില്‍ പലര്‍ക്കും ലഭിക്കുന്നത് നാലായിരമോ അയ്യായിരമോ രൂപ മാത്രമാണ്. കഴിഞ്ഞ 13 ദിനരാത്രങ്ങളായി ഈ മനുഷ്യർ സമരമുഖത്താണ്. അവരുടെ അർഹവും ന്യായവുമായ ആവശ്യം പരിഗണിക്കാതെ രണ്ടുമാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ഈ വഞ്ചനയ്ക്കൊപ്പമാണ്
അവരെ ആട്ടിപ്പായിച്ച് കൊണ്ടുവന്നതാണെന്ന ധനമന്ത്രിയുടെ പ്രസ്താവന. സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുക്കുന്ന ആരോഗ്യവകുപ്പും അതിന്റെ ഉടമസ്ഥാവകാശം പേറുന്ന ആരോഗ്യമന്ത്രിയും ആ സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ഒറ്റുകൊടുക്കുകയാണ്.
നിരാലംബരായ ഈ മനുഷ്യരെ, ആ കിടന്നുറങ്ങുന്ന നമ്മുടെ കുഞ്ഞുങ്ങളെ, വെയിലത്ത് നിർത്തിയത് എന്തിനാണെന്ന് സർക്കാർ മറുപടി പറയണം. ഇനി എത്ര നാൾ നീണ്ടുപോയാലും, അതിന് എത്ര മഴയും വെയിലും കൊള്ളേണ്ടി വന്നാലും, കോൺഗ്രസ് ഉണ്ടാകും ഒപ്പം. ഉറപ്പ്.












Click it and Unblock the Notifications