'ഇടത് ബുദ്ധിജീവികളോട് ,ഇത് ബോഡി ഷെയിമിംഗിൽ പെടുമോ? അല്ലെങ്കിൽ ആ ക്യാപ്സ്യൂൾ അറിഞ്ഞാൽ കൊള്ളാം'
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവന്റെ വിവാദ പരാമശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം.സഹകരണ ബിൽ ചർച്ചയ്ക്കിടെ നടൻ ഇന്ദ്രൻസിൻ്റെ പേര് പറഞ്ഞ് മന്ത്രി നടത്തിയ പരാമർശം ബോഡി ഷെയ്മിങ്ങാണെന്നും പൊളിറ്റിക്കലി ഇൻകറക്റ്റായ പരാമർശമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.സാംസ്കാരിക വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദത്തിന് കാരണമായത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ രൂക്ഷവിമർശനമാണ് മന്ത്രിക്കെതിരെ ഉയർത്തിയത്. നേതാക്കളുടെ പ്രതികരണങ്ങൾ വായിക്കാം
കെഎസ് ശബരീനാഥൻ-'ശ്രീ ഇന്ദ്രൻസ് മലയാള സിനിമയിലെ തലയെടുപ്പുള്ള നടനാണ്, കേരള സ്റ്റേറ്റ് അവാർഡും സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം അവാർഡും നേടിയ വ്യക്തിയാണ്, അതിനെല്ലാം മീതെ നിഷ്കളങ്കനായ, സത്യസന്ധനായ ഒരു മനുഷ്യനാണ്. പഴയ ഫ്യൂഡൽ മനസ്സോടെ മാത്രം സിനിമയെയും നായകസങ്കല്പങ്ങളെയും സമീപിക്കുന്ന ബഹു സാംസ്‌കാരിക മന്ത്രി ശ്രീ VN വാസവനോട് ഒരു അപേക്ഷ മാത്രം - അങ്ങയുടെ വകുപ്പ് നടത്തുന്ന IFFK യിൽ പോയി നല്ല ഒരു പിടി ചിത്രങ്ങൾ കാണുക,ഡെലെഗേറ്റുകളുമായി സംവദിക്കുക,കൂടുതൽ പഠിക്കുക,അതിലൂടെ വിശാല മനസുള്ള ഒരു മനുഷ്യനാകാൻ ശ്രമിക്കുക'.
മുൻ എം എൽ എ അനിൽ അക്കരെ- ഇന്ദ്രൻസ് മലയാളിയുടെ
ഇന്ദ്രൻ.മന്ത്രി പ്രസ്താവന പിൻവലിച്ചാലും സഭാ രേഖയിൽ നിന്ന് നീക്കിയാലും
ഇന്ദ്രൻസ് മലയാളത്തിന്റെ അഭിമാനം.മന്ത്രി വാസവൻ നേരിട്ടെത്തി മാപ്പുപറയണം.#മാനവസംസ്കൃതി'
ടി സിദ്ധിഖ് -ഇടത് ബുദ്ധിജീവികളോട് ഒരു ചോദ്യം?ഇത് ബോഡി ഷെയിമിംഗിൽ പെടുമോ? അല്ലെങ്കിൽ ആ ക്യാപ്സ്യൂൾ അറിഞ്ഞാൽ കൊള്ളാം'
ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയായിരുന്നു വി എൻ വാസവന്റെ വിവാദ പരാമർശം.
'സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു', എന്നായിരുന്നു വാസവൻ പറഞ്ഞത്. അതേസമയം സംഭവം വിവാദമായതോടെ വാസവന്റെ പരാമർശം നിയമസഭ രേഖകളിൽ നിന്ന് നീക്കം ചെയ്തതായി സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു.












Click it and Unblock the Notifications