മിഷേലിന്റേത് ആരാലും ശ്രദ്ധിക്കപ്പെടാത്ത ആത്മഹത്യ,ഗോശ്രീ പാലത്തില്‍ സംഭവിച്ചത്...
ഗോശ്രീ രണ്ടാം പാലത്തിലെ ഇടതുവശത്തെ സ്പാനുകള്‍ക്കിടയില്‍ ഒരാള്‍ക്കു കടക്കാന്‍ പാകത്തിലുള്ള വിടവുകളുണ്ടെന്നും പോലീസ് പറയുന്നു.
കൊച്ചി: ദുരൂഹതകള്‍ നിറഞ്ഞ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ ആണെന്നു തന്നെയാണ് പോലീസ് പറയുന്നത്. കേസിന്റെ ഇതുവരെയുള്ള അന്വേഷണവും മിഷേലിന്റെ മരണം ആത്മഹത്യയാണെന്നതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. മാര്‍ച്ച് 6 തിങ്കളാഴ്ചയാണ് എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നും മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.
മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പിറവത്ത് ഹര്‍ത്താലും ആചരിച്ചു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും, മിഷേലുമായി ബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ക്രോണിന്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഗോശ്രീ രണ്ടാം പാലത്തില്‍...
ഗോശ്രീ രണ്ടാം പാലത്തിലെ സ്പാന്‍ ഗ്യാപ്പിലൂടെ കായലില്‍ പതിച്ചതിനാലാണ് മിഷേലിന്റെ ആത്മഹത്യ ആരും ശ്രദ്ധിക്കാതെ പോയതെന്നാണ് പോലീസിന്റെ നിഗമനം. ഗോശ്രീ രണ്ടാം പാലത്തിലെ ഇടതുവശത്തെ സ്പാനുകള്‍ക്കിടയില്‍ ഒരാള്‍ക്കു കടക്കാന്‍ പാകത്തിലുള്ള വിടവുകളുണ്ടെന്നും പോലീസ് പറയുന്നു.

മുകളില്‍ കയറി ചാടിയാലേ ശ്രദ്ധിക്കപ്പെടു...
ഈ സ്പാനുകള്‍ക്കിടയിലെ വിടവില്‍ കാല്‍ എടുത്തുവെച്ചാല്‍ നേരെ കായലിലേക്ക് പതിക്കും. പാലത്തിന്റെ വശത്തിലുള്ള സ്പാനുകള്‍ക്ക് മുകളില്‍ കയറി ചാടുകയാണെങ്കില്‍ മാത്രമേ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയുള്ളു. മിഷേലിനെ പാലത്തിന്റെ മദ്ധ്യഭാഗത്തായി കണ്ടിരുന്നുവെന്നും, പിന്നെ ഫോണ്‍ ചെയ്ത് തിരിഞ്ഞുനോക്കിയപ്പോള്‍ പെണ്‍കുട്ടി അവിടെനിന്നും അപ്രത്യക്ഷമായിരുന്നുവെന്നും വില്‍ഫ്രഡ് എന്ന യുവാവ് പോലീസിന് മൊഴി നല്‍കിയിരുന്നു.

അപ്രത്യക്ഷമാകാന്‍ കാരണം...
സ്പാന്‍ ഗ്യാപ്പിലേക്ക് കടന്നാല്‍ സ്വാഭാവികമായും താഴേക്ക് ഊര്‍ന്നുപോകുന്ന പോലെയായിരിക്കും കായലിലേക്ക് പതിക്കുക. ഇതിനാലാണ് പെണ്‍കുട്ടി അപ്രത്യക്ഷമായപ്പോലെ യുവാവിന് തോന്നാന്‍ കാരണമായതെന്നും പോലീസ് പറയുന്നു. മിഷേല്‍ തനിയെ ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

വേറെയും മൊബൈല്‍ ഫോണുകള്‍?
അതേസമയം, കേസില്‍ കസ്റ്റഡിയിലുള്ള ക്രോണിനുമായി പോലീസ് ഉടന്‍ ഛത്തീസ്ഗഡിലെ ഇയാളുടെ ജോലിസ്ഥലത്തേക്ക് പോകും. അവിടെ വേറെയും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.

മെമ്മറി കാര്‍ഡിലേക്ക് മാറ്റി...
ക്രോണിന്റെ ഫോണില്‍ നിന്നും മിഷേലുമൊത്തുള്ള ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ചില ചിത്രങ്ങള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്. ചിത്രങ്ങള്‍ ഇയാള്‍ വേറെ മൊബൈല്‍ഫോണിലേക്കും മെമ്മറി കാര്‍ഡിലേക്കും മാറ്റിയതായും പോലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications