വെടിയുണ്ട കാണാതായ സംഭവം; കടകംപള്ളിയുടെ ഗൺമാനും പ്രതി, കുറ്റവാളിയെന്ന് പറയുംവരെ പിന്തുണയെന്ന് മന്ത്രി
തിരുവനന്തപുരം: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതിയെന്ന് റിപ്പോർട്ട്. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്മാന് സനില്‍ കുമാര്‍. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കടകംപള്ളിയുടെ ഗൺമാനും പ്രതിയായിരിക്കുന്നത്.
രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തി. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആര്‍ പരാമര്‍ശിക്കുന്നു. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കുറ്റക്കാരനെന്ന് കണ്ടെത്തുവരെ പിന്തുണ
പ്രതികള്‍ വഞ്ചന നടത്തിയെന്നടക്കമുള്ള ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും വിശദമായ അന്വേഷണങ്ങള്‍ നടന്നിട്ടില്ലെന്നാണ് ആരോപണം. തിരുവനന്തപുരം എസ്.എ.ടി കമാന്‍ഡായിരുന്ന വ്യക്തിയുടെ പരാതിയിലാണ് 2019-ല്‍ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ എസ്എപി ക്യാമ്പിൽ നിന്ന് വെിയുണ്ടകൾ കാണാതായ കേസിൽ ഗൺമാൻ സുനിൽകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുവരെ തന്റെ സ്റ്റാഫിലുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കുറ്റം ചെയ്തെന്ന് കണ്ടെത്തിയോ?
സനിൽ കുമാർ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ടോ? പ്രതി ചേർത്തിട്ടല്ലേയുള്ളൂ? അന്വേഷിക്കാം എന്ന് മന്ത്രി വ്യക്തമാക്കി. ആരോപണങ്ങൾ വരുന്നതിനെ തടയിടാൻ പ്രറ്റുമോ? ഈ പറയുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ? 2013ൽ നടന്ന കാര്യമാണ് 2020ൽ ചർച്ച ചെയ്യുന്നത്. 2013നെ കുറിച്ച് നിങ്ങൾ ചർച്ച ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പേഴ്സണൽ സ്റ്റാഫിൽ തുടരും...
'ഒരു കുഴപ്പവുമില്ല, കുറ്റവാളിയെന്ന് പറയുന്നത് വരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും' എന്നാണ് പ്രതിപ്പട്ടികയിലുള്ള ഒരാൾ സ്റ്റാഫിൽ തുടരുന്നതിനെ പറ്റിയുള്ള മാധഅയമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽ കുമാറിന് വെടിയുണ്ടകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു.

ആഭ്യന്തര മന്ത്രി ചെന്നിത്തല
സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന വെടിയുണ്ടകൾ കൂടുതലും കാണാതായത് 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നാണ് ആരോപണം. ഇതേ കുറിച്ചുള്ള അന്വേഷണം ഒതുക്കിയത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ്. പോലീസ് അക്കാദമിയിലേക്ക് കൊണ്ടുപോയതിൽ 200 വെടിയുണ്ട കാണാതായ സംഭവം കേസെടുത്ത് അന്വേഷിക്കണമെന്ന ബറ്റാലിയൻ ഡിഐജിയുടെ ശുപാർശയാണ് അന്ന് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയത്. ടി പി സെൻകുമാറായിരുന്നു അന്ന് പോലീസ് മേധാവിയെന്നും ആരോപണം ഉയരുന്നുണ്ട്.

200 വെടിയുണ്ടകളുടെ കുറവ്
തൃശൂർ പോലീസ് അക്കാദമിയിൽ ട്രെയിനികൾക്ക് വെടിവയ്പ് പരിശീലനത്തിനാണ് എസ്എപിയിൽനിന്ന് വെടിയുണ്ട കൊണ്ടുപോയത്. രഹസ്യവിവരത്തെ തുടർന്ന് ഒരു ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് 200 വെടിയുണ്ടകളുടെ കുറവ് കണ്ടെത്തിയത്. സാധരണ നിലയ്ക്ക് ഉപയോഗിച്ച വെടിയുണ്ടയുടെ എണ്ണം രേഖാമൂലം കൈമാറണം. തിരയടക്കമുള്ള അവശിഷ്ടവും ശേഖരിക്കും. ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ചശേഷമാണ് കുറവ് കണ്ടെത്തിയത്.