മയക്കുമരുന്നിന് അടിമയായ കാമുകന് ഒപ്പം ഒളിച്ചോടിയ പെൺകുട്ടി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം...?
കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടിയെ ആണ് തിരുപ്പതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് : മയക്കുമരുന്നിന് അടിമയായ കാമുകന്‌റെ സ്‌നേഹം വിശ്വസിച്ച് ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജയില്‍ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 19 വയസ്സുകാരി ഹന്‍ഷ ഷെറിനെയാണ് കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അഭിറാമുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഹന്‍ഷ. നേരത്തെ മൂന്ന് തവണ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയിട്ടുണ്ട്. അപ്പോഴെല്ലാം മകളെ കാണാനില്ലെന്ന അച്ഛന്‌റെ പരാതിയെ തുടര്‍ന്ന് പൊലീസ് തിരികെ കൊണ്ടുവരികയായിരുന്നു.

പ്ലസ്ടു പാസായ ഹന്‍ഷയുടേത് മോശം ജീവിത സാഹചര്യമായിരുന്നെന്ന് പൊലീസ് പറയുന്നു. അമ്മ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയി. അച്ഛനും അനിയനും ഒപ്പം വാടക വീട്ടിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

ഹന്‍ഷയുടെ കാമുകന്‍ അഭിറാം മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കേസുകളും ഉണ്ട്. പെൺകുട്ടിയെ ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രണയത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമായിരുന്നില്ലെന്ന് മഹിളാ മന്ദിരം അധികൃതർ പറയുന്നു.

തമിഴ്‌നാട്ടിലേക്കാണ് കമിതാക്കള്‍ ഒളിച്ചോടിയത്. കല്ലമ്പലം എന്ന സ്ഥലത്ത് വെച്ച് പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് എടുത്ത് ചാടി എന്നാണ് അഭിറാം പൊലീസില്‍ അറിയിച്ചത്.

അഭിറാം ആണ് ഹന്‍ഷയെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ അവിടെ വെച്ച് പെണ്‍കുട്ടി മരിച്ചു. അതിന് ശേഷം കാമുകന്‌റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

കുറ്റിക്കാട്ടൂര്‍ പൊലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കാണാതായ കാമുകനെക്കുറിച്ചും സംഘം അന്വേഷിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കും.












Click it and Unblock the Notifications