സ്കോട്ലാൻഡിൽ കാണാതായ മലയാളി യുവ വൈദികൻ മരിച്ചെന്ന് വിവരം; സംഭവത്തിൽ ആകെ ദുരൂഹത...
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് സ്കോട്ലാൻഡ് പോലീസ് അറിയിച്ചത്.
തിരുവനന്തപുരം: സ്കോട്ലാൻഡിലെ എഡിൻബറോയിൽ നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ സേവ്യർ വാഴച്ചിറ(32) മരിച്ചതായി വിവരം. സിഎംഐ സഭാംഗമായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്കോട്ലാൻഡ് പോലീസാണ് വിവരമറിയിച്ചത്.
ശനിയാഴ്ച പുലർച്ചെ സിഎംഐ സഭയുടെ തിരുവനന്തപുരത്തെ പ്രൊവിൻഷ്യൽ ഹൗസിലാണ് സ്കോട്ലാൻഡ് പോലീസിന്റെ ഫോൺ സന്ദേശം ലഭിച്ചത്. അതേസമയം, വൈദികൻ മരിച്ചത് എങ്ങനെയാണെന്നോ മൃതദേഹം ലഭിച്ചത് എവിടെ നിന്നാണെന്നോ തുടങ്ങിയ കാര്യങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് സ്കോട്ലാൻഡ് പോലീസ് അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് എഡിൻബറോയിൽ നിന്നും ഫാദർ മാർട്ടിൻ സേവ്യറെ കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോയെന്നും സംശയമുണ്ടായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ വൈദികനുമായി ഫോണിൽ സംസാരിച്ചതായി ചിലർ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് വൈദികനെ കാണാതായത്. തുടർന്ന് രണ്ട് ദിവസമായി വൈദികനെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് രൂപത അധികൃതർ പോലീസിൽ വിവരമറിയിച്ച്ത. വൈദികന്റെ പാസ്പോർട്ടും മറ്റു രേഖകളുമെല്ലാം താമസസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാദർ മാർട്ടിൻ സേവ്യർ വാഴച്ചിറ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് കഴിഞ്ഞ ജൂലൈയിൽ ഉപരിപഠനത്തിനായി സ്കോട്ലാൻഡിലേക്ക് പോയത്. പഠനത്തോടൊപ്പം ഫാർകിക് ഇടവകയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഫാദർ മാർട്ടിൻ സേവ്യർ.












Click it and Unblock the Notifications