കാണാതായ 12 വയസുകാരി തലപൊട്ടി ചോരയൊലിച്ച നിലയില്‍;കണ്ടെത്തിയത് റോഡരികിലെ പൊന്തക്കാട്ടില്‍
തിരുവനന്തപുരം:കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. വെമ്പായത്തെ റോഡരികിലാണ് 12 വയസുകാരിയെ തല പൊട്ടി ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രി ആയിട്ടും കണ്ടെത്താൻ കഴിയാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. തുടര്‍ന്ന് രാവിലെയും അന്വേഷണം തുടരുന്നതിനിടെയാണ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടിയെ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. റോഡരികിലെ പൊന്തക്കാട്ടില്‍നിന്ന് എന്തോ ഞെരക്കം കേട്ടുനോക്കിയ വഴിയാത്രക്കാരനാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്.

ഉടന്‍തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തലപൊട്ടി ചോരയൊലിച്ച അവസ്ഥയിലായിരുന്നു കുട്ടി. പെണ്‍കുട്ടിയെ കാണാതായത് എങ്ങനെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ വട്ടപ്പാറ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications