കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ചിക്കമംഗളൂരിൽ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ 2000 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശി രമേശ് ഗോപാലന്റെ മകളാണ് ശ്രീനന്ദ. കുടുംബത്തോടൊപ്പം ചിക്കമംഗലൂരിലേക്ക് വിനോദയാത്ര പോയ ശ്രീനന്ദയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്.

40 അംഗ സംഘത്തോടൊപ്പമാണ് ശ്രിനന്ദ ചിക്കമംഗളൂരിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെ മാണിക്യധാരാ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കുട്ടിയെ പെട്ടെന്ന് കാണാതായി. രാത്രി എട്ടുമണിവരെ കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, അവർ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേന എന്നിവർ സംയുക്തമായി രാത്രി മുഴുവൻ തെർമൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് ഇടതൂർന്ന വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാതാകാമെന്ന സംശയം കുടുംബം ഉയർത്തിയിരുന്നു. ആ രീതിയിലുള്ള അന്വേഷണവും നടന്നുവരികയായിരുന്നു. അതിനിടയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് കാൽ വഴുതിയാകാം കുട്ടി കൊക്കയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.












Click it and Unblock the Notifications