മിഷന്‍ അരികൊമ്പന്‍: ദൗത്യം തുടങ്ങി, കൂടെ മറ്റ് രണ്ട് ആനകളും, മയക്കുവെടി വെക്കുന്നത് വൈകിയേക്കും
ചിന്നക്കാനാല്‍: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ പേടി സ്വപ്നമായ അരിക്കൊമ്പന്‍ എന്ന കാട്ടാനായെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നത്. പുലർച്ചെ 5.30 ഓടെ തന്നെ അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യംആരംഭിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ് ബിഷ്നോയിയുടെയും നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ചിന്നക്കനാലില്‍ എത്തിയിരുന്നത്.
രാവിലെ 6.30 ഓടെ തന്നെ അരിക്കൊമ്പനെ വെടിവെക്കാന്‍ സാധിക്കുമെന്നായിരുന്നു ദൗത്യ സംഘം അറിയിച്ചിരുന്നത്. ചിന്നക്കനാൽ സമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. എന്നാല്‍ അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകളേയും കൂടി കണ്ടത് മയക്ക് വെടി വെക്കുന്നതിന് തടസ്സമായി. നിലവിലെ ദൗത്യം മൂന്ന് മണി വരെ തുടരുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. ആനകളെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ഈ നീക്കം വിജയം കണ്ടില്ല.

അരിക്കൊമ്പന്‍ ദൗത്യത്തിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ പിടികൂടുന്നത് വരെ നിരോധനാജ്ഞ നിലനില്‍ക്കും. സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു. അരികൊമ്പനെ കൊണ്ടുപോകാനുള്ള പ്രത്യേക വാഹനവും ആവശ്യമെങ്കില്‍ റോഡ് വെട്ടാനുള്ള ജെ ഡി ബി ഉള്‍പ്പടേയുള്ള സൌകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ദൗത്യമേഖലയിൽ തന്നെ അരിക്കൊമ്പന്‍ നിലയുറപ്പിക്കുന്നതാണ് ആശ്വാസം. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാർ അരിക്കൊമ്പന്‍ എന്ന് പേരിട്ടത്. ഇടക്കിടക്ക് നാട്ടില്‍ എത്തുന്ന ആന റേഷന്‍ കടകള്‍ ഉള്‍പ്പടെ നിരന്തരം ആക്രമിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും അരിക്കൊമ്പന്റെ ആക്രമത്തില്‍ തകർന്നിട്ടുണ്ട്. ഇതോടെയാണ് അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം ശക്തമാവാന്‍ തുടങ്ങിയത്.
വീടും കടകളുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തതെന്നാണ് സര്‍ക്കാര്‍ രേഖകൾ പറയുന്നത് അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആളുകള്‍ മരിച്ചതായി ഔദ്യോഗികമായി റിപ്പോർട്ട് ഇല്ലെങ്കില്‍ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം വീടും മറ്റു തകർത്തപ്പോള്‍ മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റുവെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications