എകെജി സെന്റർ എടുക്കുന്ന തിട്ടൂരങ്ങൾ അംഗീകരിക്കാൻ കഴിയില്ല; മനുഷ്യചങ്ങലയ്ക്കില്ലെന്ന് എംകെ മുനീർ!
കോഴിക്കോട്: ജനുവരി 26ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ യുഡിഎഫ് പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. പ്രതിപക്ഷ പാർട്ടികളുമായി യോജിച്ചാണ് മനുഷ്യചങ്ങല നടത്താൻ തീരുമാനിച്ചതെങ്കിൽ ആലോചന സമയത്ത് വിളിക്കുമായിരുന്നു. എന്നാൽ പരിപാടി തീരുമാനിച്ചതിന് ശേഷം വിളിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എകെജി സെന്ററിൽ എടുക്കുന്ന തിട്ടൂരങ്ങൾ അംഗീകരിക്കാനാകില്ല. മുല്ലപ്പള്ളി പറഞ്ഞതാണ് ശരി. സിപിഎം എല്ലാ വിഷയത്തിലും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏതുപാർട്ടിയുമായി യോജിച്ച് സമരം നടത്താനും മുസ്ലീംലീഗ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ മനുഷ്യ ചങ്ങലയ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ മനുഷ്യചങ്ങലയിൽ പ്രതിപക്ഷ പാർട്ടികളെയും പങ്കെടുപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ എംവി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ, വെൽഫെയർ പാർട്ടികൾ ഒഴികെയുള്ളവരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications