മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകുമോ? ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് എംകെ മുനീര്‍
കോഴിക്കോട്: മുസ്ലിം ലീഗ് ഒരിക്കലും എല്‍ഡിഎഫിലേക്ക് പോകില്ല എന്ന് പറയാന്‍ സാധിക്കില്ലെന്ന് എംകെ മുനീര്‍ എംഎല്‍എ. മീഡിയവണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ആശയമുള്ളവര്‍ ഒന്നിക്കുന്ന കാലമാണിത്. ദേശീയ തലത്തില്‍ ഇത്തരം സഖ്യങ്ങള്‍ പ്രകടമാണ്. താന്‍ അന്ധമായ സിപിഎം വിരോധമുള്ള വ്യക്തിയല്ലെന്നും മുനീര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള പ്രതികരണമാണ് എംകെ മുനീര്‍ നടത്തിയിരിക്കുന്നത്.

മാര്‍ക്സ്റ്റിസ്റ്റ് പാര്‍ട്ടിയിലെ ചിലര്‍ക്ക് മുസ്ലിം ലീഗിനെ അങ്ങോട്ട് കിട്ടിയാല്‍ കൊള്ളാമെന്ന് അഭിപ്രായമുള്ളവരുണ്ട്. ഇപി ജയരാജന്‍ പറഞ്ഞതിന്റെ ഉദ്ദേശവും അതാണ്. അതേസമയം, നിയമസഭയില്‍ മുസ്ലിം ലീഗിനെ മാത്രം ആക്രമിക്കുന്ന ഒരു വിഭാഗത്തെ കാണാം. വ്യത്യസ്തമായ ആശയമുള്ളവരാണെങ്കില്‍ പോലും മുന്നണി എന്ന നിലയില്‍ മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നമില്ല. ദേശീയ തലത്തില്‍ അതല്ലേ സംഭവിക്കുന്നത്. വ്യത്യസ്തമായ ആശയമുള്ളവരുടെ പ്രതിപക്ഷ മുന്നണിയല്ലേ ആലോചിച്ചുകൊണ്ടിരിക്കുന്നത് എന്നും എംകെ മുനീര്‍ പറഞ്ഞു.
മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് ഒരിക്കലും പോകില്ല എന്ന് പറയാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ഇന്ത്യയില്‍ മാറി മറിയുകയാണ് രാഷ്ട്രീയം. യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന് മുമ്പും ശേഷവുമുള്ള രാഷ്ട്രീയവും വളരെ വ്യത്യാസമുണ്ട്. ഞാന്‍ അന്ധമായ സിപിഎം വിരോധമുള്ള വ്യക്തിയല്ല. എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ സ്വാതന്ത്രമുണ്ട്. അവര്‍ക്കും ആ സ്വാതന്ത്ര്യമുണ്ട്. അത് തടയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.
എല്‍ഡിഎഫിലേക്ക് മുസ്ലിം ലീഗ് പോയേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്ന നിരീക്ഷണവുമുണ്ടായിരുന്നു. ഇതിനെ എതിര്‍ക്കുന്നത് എംകെ മുനീറും കെഎം ഷാജിയും ഉള്‍പ്പെടെയുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ജെന്റര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എംകെ മുനീര്‍ സംസാരിച്ചത്. ഇതിനിടെയാണ് മുന്നണി മാറ്റം പൂര്‍ണമായും തള്ളാതെ എംകെ മുനീര്‍ പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications