ഭക്ഷണം എത്തിക്കാന്‍ വൈകി; കാന്റീന്‍ ജീവനക്കാരന് പിസി ജോര്‍ജിന്റെ മര്‍ദ്ദനം, കണ്ണിന് പരിക്ക്
എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനുവിനാണ് പരിക്കേറ്റത്. ഇയാളുടെ മുഖത്തും കണ്ണിനുമാണ് അടിയേറ്റത്.
തിരുവനന്തപുരം: ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയതിന് കാന്റീന്‍ ജീവനക്കാരന് എംഎല്‍എയുടെ മര്‍ദ്ദനം. പിസി ജോര്‍ജ് എംഎല്‍എയും സഹായിയുമാണ് എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത്. ഉച്ചഭക്ഷണം എത്തിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനു (22) വിനാണ് പരിക്കേറ്റത്. ഇയാളുടെ മുഖത്തും കണ്ണിനുമാണ് അടിയേറ്റത്. എംഎല്‍എക്കൊപ്പം അദ്ദേഹത്തിന്റെ സഹായിയും മര്‍ദ്ദിച്ചുവെന്ന് മനു പറഞ്ഞു.

മനുവിന്റെ കണ്ണിനു ക്ഷതമേറ്റിട്ടുണ്ടെന്നാണ് വിവരം. ചുണ്ട് പൊട്ടിയിട്ടുണ്ട്. ഇയാള്‍ നിയമസഭാ സെക്രട്ടേറിയറ്റിന് പരാതി നല്‍കുമെന്ന് അറിയിച്ചു. ജോര്‍ജിനെതിരേ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് മനു പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ഊണ് എത്തിക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് എത്തിക്കാനായില്ല.

ആവശ്യപ്പെട്ടതിന് ശേഷം ഇരുപത് മിനുറ്റ് കഴിഞ്ഞാണ് ഭക്ഷണവുമായി മനു മുറിയിലെത്തിയത്. ഇതില്‍ ആദ്യം ക്ഷുഭിതനായി സംസാരിച്ച ജോര്‍ജ് പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു. ജോര്‍ജിന്റെ സഹായി സണ്ണിയും മര്‍ദ്ദിച്ചുവെന്ന് മനു പറഞ്ഞു.

മനുവിന്റെ മുഖത്ത് കാര്യമായ പരിക്കുണ്ട്. മനു ഭക്ഷണവുമായി എത്താന്‍ വൈകിയ വേളയില്‍ കാന്റീനില്‍ വിളിച്ച് വനിതാ ജീവനക്കാരെ ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ടിട്ട് ഏറെ നേരം കഴിഞ്ഞും എത്തിയില്ല. പിന്നീട് ഭക്ഷണവുമായി എത്തിയപ്പോള്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു.

കുറച്ച് ദിവസത്തെ അവധിക്ക് ശേഷം താന്‍ ഇന്നാണ് ജോലിക്ക് കയറിയത്. കാന്റീനിലെ എല്ലാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ മുറി അറിയില്ല. എംഎല്‍എയ്ക്ക് ഭക്ഷണവുമായി മുറിയിലേക്ക് എത്തുമ്പോല്‍ ഊണ് വൈകിയെന്ന കാരണത്താല്‍ പിസി ജോര്‍ജ് മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. സാര്‍ ഇങ്ങനെ സംസാരിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തു. പിന്നാലെ എംഎല്‍എയുടെ പിഎയും മര്‍ദ്ദിച്ചു. ഡ്രൈവറാണ് തന്നെ താഴേക്ക് എത്തിച്ചത്. 20 മിനുറ്റോളം ഭക്ഷണം വൈകിയെന്നത് ശരിയാണെന്നും മനു പറഞ്ഞു.

ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. നാലുതവണ ഫോണില്‍ വിളിക്കേണ്ടി വന്നു. എന്നിട്ടും 40 മിനുറ്റ് കഴിഞ്ഞാണ് ഭക്ഷണം എത്തിയത്. വൈകിയതിന് അവനോട് കടുത്ത ഭാഷയില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും മര്‍ദ്ദിച്ചിട്ടില്ല. ഒരാള്‍ക്കുള്ള ഊണ് പറഞ്ഞിട്ട് നാലുപേര്‍ക്കുള്ളതുമായാണ് വന്നത്. ജീവനക്കാരന്‍ മോശം പയ്യനാണെന്നും ഇക്കാര്യത്തെ കുറിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications