രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി. വാമനപുരം എംഎൽഎ ഡികെ മുരളി യാണ് സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ എഎൻ ഷംസീർ പരാതി പരോശോധിക്കാൻ ലെജിസ്ലെറ്റർ സെക്രട്ടറിയേറ്റിനും കൈ മാറി. നിരവധി സ്ത്രീ പീഡന കേസുള്ള പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ സഭയുടെ അന്തസ്സിനും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ നേരത്തെ പറഞ്ഞിരുന്നു. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ അംഗം തന്നെ രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്.

നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന സാഹചര്യത്തിൽ സഭാ ചട്ടപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. പരാതി പരിശോധിച്ചതിന് ശേഷം ഇത് നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറണമോ എന്ന കാര്യം സ്പീക്കർ തീരുമാനിക്കും. നിയമോപദേശം തേടിയാകും തുടർനടപടികൾ. എന്നാൽ, ഈ സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം 20ന് ആരംഭിക്കാനിരിക്കെ അധികം ദിവസങ്ങൾ ഇല്ലാത്തതിനാൽ അയോഗ്യത സംബന്ധിച്ച തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
കേസുകളുടെ പേരിൽ കേരള നിയമസഭ ആരെയും അയോഗ്യനാക്കിയ ചരിത്രമില്ലെങ്കിലും അതിനുള്ള അധികാരം സഭയ്ക്കുണ്ട്. രാഹുൽ ഇപ്പോൾ കോൺഗ്രസിനു പുറത്താണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരസ്യമായി വ്യക്തമാക്കിയതോടെ വിഷയം സഭയിലെത്തുമ്പോൾ രാഹുലിന് കോൺഗ്രസിന്റെ പിന്തുണ ലഭിക്കാനും സാധ്യതയില്ല.












Click it and Unblock the Notifications