കോളജുകളില്‍ ഇടി മുറികള്‍ക്കൊപ്പം ലഹരി മുറികളും എസ്എഫ്‌ഐ പരിപാലിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: കളമശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ എസ്എഫ്‌ഐക്കെരിരേ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കോളജ് ഹോസ്റ്റലുകളില്‍ ഇടിമുറികള്‍ക്കൊപ്പം ലഹരി മുറികളും എസ്എഫ്‌ഐ പരിപാലിച്ചു പോരുകയാണെന്നും ഇത് നാടിന് ആപത്താണെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എംഎല്‍എ ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യുദ്ധം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും എസ്എഫ്ഐ നേതാക്കള്‍ക്ക് എങ്ങനെ ജാമ്യം കിട്ടിയെന്ന് പറയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. എസ്എഫ്‌ഐ അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കളമശേരി പോളി ടെക്നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്‍ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.
രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും എസ്എഫ്‌ഐ നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.
എസ്എഫ്‌ഐ എന്ന അധോലോക സംഘം ക്യാമ്പസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളജ് ഹോസ്റ്റലുകളില്‍ എസ്എഫ്‌ഐ പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിന് ആപത്താവുകയാണ്. എസ്എഫ്‌ഐ അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.
തുടര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും മഹാരാജാസ് കോളജ് ഹോസ്റ്റലിലും ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് ശേഷം പുറത്ത് ബാഗുമായി പോയവരെ പറ്റി അന്വേഷിക്കാന്‍ പോലീസ് തയാറാകണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications