താനൂരില്‍ നൂറോളം വീടുകള്‍ വെള്ളത്തില്‍, വീടുകാണാന്‍ എംഎല്‍എ തോണിയിലെത്തി
മലപ്പുറം: ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ താനൂര്‍മേഖലയില്‍ നൂറോളം വീടുകള്‍ വെള്ളത്തിലായി.മണ്ണുംപ്പുറം, അബ്ദക്കര്‍ കോളനി, ചെള്ളിക്കാട്, പുന്നൂക്കില്‍ ഭാഗങ്ങളിലാണ് വീടുകള്‍ വെള്ളത്തിലായിട്ടുള്ളത്, ഇതിനെ തുടര്‍ന്ന് വെള്ളം ഒഴിവാക്കാന്‍ ജെസിബിയുമായ് ഉദ്യോഗസ്ഥരും മറ്റും എത്തിയിരുന്നങ്കിലും കടല്‍ക്ഷോഭ കാരണം ഉച്ചക്ക് തിരിച്ച് പോന്നു. രാത്രി വീണ്ടും ഡെപൂട്ടി തഹസില്‍ദാര്‍, റവനു ഉദ്യോഗസ്ഥര്‍ പോലീസ് എന്നിവരടക്കം എത്തിയെങ്കിലും പരിസരവാസികള്‍ തടസ്സപ്പെടുത്തി, ഇതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ച് പോന്നു, മുന്‍കരുതലുകള്‍ ഇന്ന് ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കും, എന്നാല്‍ മഴ തുടര്‍ന്നാല്‍ ഏറെ നാശനഷ്ടങ്ങളാണ് സംഭവിക്കുക,

താനൂരില്‍ വെളളത്തിലായ വീടുകള്‍ കാണാന്‍ വി അബ്ദുറഹിമാന്‍ എംഎല്‍എ തോണിയിലെത്തുന്നു
കനത്ത മഴയിലും കാറ്റിലും ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന പത്തോളം വള്ളങ്ങളും തകര്‍ന്നു. ശക്തമായ തിരമാലകള്‍ ഉയര്‍ന്നതോടെ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ തകരുകയായിരുന്നു. താനൂര്‍ ടൗണ്‍ മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം മുഖാന്തിരം മത്സ്യലേലം നടത്തുന്ന പൗറകത്ത് അബ്ദുറഹിമാന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കരിയര്‍ വള്ളം, ലാല്‍സലാം, ചെറുപുരക്കല്‍ സൈതലവിയുടെ വള്ളം മൂസാന്റെ പുരക്കല്‍ മുഹമ്മദ്കുട്ടിയുടെ വള്ളം, കണ്ണമരക്കാരന്റെ പുരക്കല്‍ സുബൈറിന്റെ വള്ളം തുടങ്ങിയവയാണ് തകര്‍ന്നടിഞ്ഞത്. തിരമാലയില്‍പ്പെട്ട് വള്ളം തകര്‍ന്ന് കടലില്‍ താഴ്ന്ന നിലയിലായിരുന്നു. ചെറുപുരക്കല്‍ സൈതലവിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ 2 ലക്ഷം രൂപ വിലവരുന്ന എഞ്ചിനുകളും, മത്സ്യബന്ധന വലയും നഷ്ടപ്പെട്ടു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂസാന്റെ പുരക്കല്‍ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ എഞ്ചിന്‍ ഭാഗികമായി തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കടല്‍ ക്ഷോഭം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വള്ളം തകരുമോ എന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികള്‍. തിരമാലകള്‍ ശക്തമായതിനാല്‍ ഹാര്‍ബറില്‍ നിന്നുമാറി വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കനത്ത മഴയെ തുടര്‍ന്ന് പരിയാപുരം വില്ലേജില്‍ ഉള്‍പ്പെടുന്ന ചിറക്കല്‍ കളരിപ്പടി ഭാഗങ്ങളില്‍ ഇരുപത്തഞ്ചോളം വീടുകളാണ് വെള്ളത്തിനടിയിലായത്. പൂരപ്പുഴ അറബിക്കടലിനോട് ചേരുന്ന ഒട്ടുംപുറം അഴിമുഖത്ത് ബണ്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കിഴക്കന്‍ മേഖലയില്‍ വെള്ളം കയറിയത്. വെള്ളത്തിനടിയിലായ പ്രദേശത്ത് ആളുകള്‍ക്ക് വീടുമാറി പോകേണ്ട സാഹചര്യം വന്നതിനെ തുടര്‍ന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പ്രശ്നത്തില്‍ ഇടപെട്ടു. വെള്ളത്തിലായ ീടുകാണാന്‍ എം.എല്‍.എ തോണിയിലെത്തി. ജില്ലാ കളക്ടറുമായും ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ട് ബണ്ട് പൊട്ടിക്കാന്‍ തീരുമാനിച്ചു. പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചു.
സര്‍ക്കാരില്‍ അടിയന്തിര ശ്രദ്ധ ചെലുത്തും: വി അബ്ദുറഹിമാന്‍ എംഎല്‍എ
കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ അടിയന്തിര ശ്രദ്ധ ചെലുത്തുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. താനൂര്‍ ഹാര്‍ബറില്‍ തകര്‍ന്ന വള്ളങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മത്സ്യത്തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.അടുത്ത കാലവര്‍ഷത്തിന് മുമ്പേ ഹാര്‍ബറിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഹാര്‍ബര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. തഹസില്‍ദാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, എന്നിവരും സന്ദര്‍ശന വേളയില്‍ എം.എല്‍.എയുടെ കൂടെയുണ്ടായിരുന്നു.












Click it and Unblock the Notifications