പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ!
കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാർക്ക് എത്ര രൂപ വരുമാനമായി കിട്ടും എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. തമിഴ്നാട്ടിൽ എംഎൽഎമാരുടെ മാസശമ്പളം 55000 രൂപയായിരുന്നു. ഭരണപക്ഷ-പ്രതിപക്ഷ എംഎൽഎമാർ ഒരേ മനസ്സോടെ പൊരുതി അത് 105000 രൂപയാക്കി ഉയർത്തിയിരുന്നു.
കേരളത്തിൽ എംഎൽഎമാർക്ക് 2000 രൂപയാണ് സ്ഥിരം ബത്തയായി ലഭിക്കുക. കൂടാതെ നിയോജകമണ്ഡലത്തിലേക്കുള്ള ആവശ്യത്തിനായി 25000 രൂപ ലഭിക്കും, യാത്രാ അലവൻസിൽപെടുന്ന 20000 രൂപ, ടെലിഫോണ്‍ അലവന്‍സായി 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സായി 4000 രൂപ, മറ്റ് അലവൻസുകളായി 8000 രൂപ എന്നിവയെല്ലാം കൂട്ടി ഒരു എംഎൽഎക്ക് 70,000 രൂപയാണ് കേരളത്തിൽ മാസ ശമ്പളം.

മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ തെലങ്കാനയിലാണ് എംഎൽഎമാർക്ക് ഏറ്റവും ഉയർന്ന ശമ്പളമെന്ന് കാണാം. 250000 രൂപയാണ് അവിടെ പ്രതിമാസ ശമ്പളം. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 21000 രൂപയും ബിഹാറിൽ 165000 രൂപയും മഹാരാഷ്ട്രയിൽ 160000 രൂപയുമാണ് ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്- 20000 രൂപ.
കേരളത്തിലെ എംഎൽഎമാർക്ക് മറ്റ് അലവൻസുകളായി നാല് ലക്ഷം രൂപ അടുത്ത് റെയിൽവേ യാത്രാ ചെലവും കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ പോകുന്നതിന് പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വെച്ചും ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, സ്റ്റാഫ് അലവൻസായി 20000 രൂപ, പലിശരഹിത വാഹന ലോണുകൾ എന്നിവയും ലഭിക്കും.
എംഎൽഎമാരുടെ ശമ്പളവർധനവിനെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെയിസ് കമ്മിറ്റി മറ്റു സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്ന ശിപാർശ നൽകിയിരുന്നു. ഇത് പരിഗണിച്ച് ശമ്പള പരിഷ്കാരത്തിന് വേണ്ടി സർക്കാർ തീരുമാനം എടുത്തെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
മത്സരരംഗത്തെ 39 ശതമാനവും കോടീശ്വരന്മാർ
തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ രാഷ്ട്രീയക്കാരുടെ സാമ്പത്തിക നിലയും പുറത്തറിയാറുണ്ട്. ഇത്തവണ കേരളത്തിൽ മത്സര രംഗത്തുള്ളവരിൽ 39 ശതമാനം പേരും കോടീശ്വരന്മാരാണ് എന്ന പ്രത്യേകതയുണ്ട്. മത്സരരംഗത്തുള്ള 863 സ്ഥാനാർഥികളുടെ വിവരങ്ങൾ വിലയിരുത്തുമ്പോൾ 221 പേർക്ക് ഒരു കോടിയിലധികം രൂപയുടെ ആസ്‌തിയുണ്ടെന്ന് കാണാം. 2021ലെ തെരഞ്ഞെടുപ്പിൽ കോടീശ്വരന്മാരുടെ എണ്ണം 27 ശതമാനമായിരുന്നു.
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനാണ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത്. 218 കോടിയിലധികമാണ് (2,18,96,36,084 രൂപ) റെജിയുടെ ആസ്‌തി. നെയ്യാറ്റിൻകരയിലെ ബിജെപി സ്ഥാനാർഥി ചെങ്കൽ എസ്. രാജശേഖരൻ നായരാണ് രണ്ടാമത്. 1,16,93,50,902 രൂപയാണ് ഇദ്ദേഹത്തിൻ്റെ ആസ്‌തി. നേമത്തെ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ മൂന്നാം സ്ഥാനത്താണ്. 111 കോടിയിലധികം വരുന്ന ആസ്‌തിയാണ് അദ്ദേഹത്തിനുള്ളത്. എറണാകുളം കോതമംഗലത്തെ കോൺഗ്രസ് സ്ഥാനാർഥി ഷിബു തെക്കുംപുറം 68 കോടി രൂപയുമായി നാലാം സ്ഥാനത്തുണ്ട്.
കോഴിക്കോട് ബേപ്പൂരിൽ നിന്ന് ജനവിധി തേടുന്ന പി.വി. അൻവർ 65 കോടിയിലധികം ആസ്തിയുമായി അഞ്ചാമതും കാസർകോട് നിന്നുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥി കല്ലട്ര മാഹിൻ 61 കോടിയുമായി ആറാമതുമുണ്ട്. കൊല്ലത്തെ ബിജെപി സ്ഥാനാർഥി ഡോ. പ്രതാപ് കുമാറാണ് 54 കോടിയുമായി ഏഴാം സ്ഥാനത്ത്. ഇരിക്കൂരിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥി അഡ്വ.മാത്യു കുന്നപ്പള്ളി (47 കോടി), മൂവാറ്റുപുഴയിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ (39 കോടി), പാറശാലയിലെ ബിജെപി സ്ഥാനാർഥി അഡ്വ. ഗിരീഷ് നെയ്യാർ (37 കോടി) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് സ്ഥാനാർഥികൾ.












Click it and Unblock the Notifications