ആസൂത്രണം ചെയ്തത് ഇപി ജയരാജന്‍; ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്ന് എം എം ഹസന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത അക്രമമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ് എഫ് ഐക്കാര്‍ നടത്തിയതെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍.
ജൂണ്‍ 21-ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് 24- ന് എസ് എഫ് ഐക്കാര്‍ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ .പി ജയരാജനും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്നും എം എം ഹസന്‍ കെ പി സി സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് നോക്കിനിന്നു. വിമാനത്തില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കള്ളക്കേസെടുത്ത പൊലീസ് ഈ അക്രമത്തിനെതിരെ നിസാര വകുപ്പിട്ട് കേസെടുത്താല്‍ യു ഡി എഫ് നിയമത്തിന്റെ വഴിയേ നീങ്ങും. എസ് എഫ് ഐക്കാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ബി ജെ പി രാഹുല്‍ ഗാന്ധിയെ വേട്ടയാടുമ്പോള്‍ തങ്ങളും ഒപ്പമുണ്ടെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് കേരളത്തിലെ സിപിഎമ്മിന്. അതിന്റെ ഭാഗമായാണ് ഈ അക്രമങ്ങളെല്ലാം. മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് വിധേയമായി ബിജെപിയെ പ്രീതിപ്പെടുത്താനും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനുമാണ് ശ്രമം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട് . പരിസ്ഥിതി ലോല മേഖലയിലെ കര്‍ഷകരെയും ജനങ്ങളെയും സഹായിക്കാനായി യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിച്ച് 2019 ഒക്ടോബര്‍ 23ന് പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാനത്തിന് അനുസൃതമായാണ് സുപ്രീം കോടതി വിധിയുണ്ടായത്. എന്നിട്ടും ക്ലിഫ്ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താതെ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടത്തിയത് തികച്ചും ആസൂത്രിതമാണ്. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കെപിസിസി ആസ്ഥാനത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലെത്തിയ പോലീസുകാരെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പുറത്താക്കി. സിപിഎം പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിന് പരാജയപ്പെട്ടവരാണ് കേരള പോലീസെന്നും അവരുടെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.
കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം ഗുണ്ടകള്‍ അക്രമിച്ചപ്പോള്‍ കയ്യും കെട്ടിനോക്കി നിന്നവരാണ്. അതേ നിഷ്‌ക്രിയത്വം തന്നെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ചപ്പോഴും പോലീസ് പ്രകടിപ്പിച്ചത്. അങ്ങനെയുള്ള പോലീസിന്റെ സുരക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.












Click it and Unblock the Notifications