പ്രളയ ദുരിതാശ്വാസത്തിലേക്ക് കെഎസ്ഇബി തുക കിട്ടിയില്ലെന്ന് വിടി ബല്‍റാം; ചുട്ട മറുപടിയുമായി മന്ത്രി
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലേക്ക് കെഎസ്ഇബി തുക കിട്ടിയില്ലെന്ന വിടി ബല്‍റാം എംഎല്‍എയുടെ വാദത്തിന് മറുപടിയുമായി മന്ത്രി എംഎം മണി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്നായിരുന്നു വിടി ഫേസ്ബുക്കിലൂടെ ആരോപിച്ചത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിടിക്ക് മന്ത്രി മണി ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി? എന്നായിരുന്നുവിടി ബല്‍റാം ചോദിച്ചത്. കെഎസ്ഇബി നൽകിയത് വണ്ടിച്ചെക്കായിരുന്നോ എന്നും എംഎല്‍എ പരിഹസിച്ചിരുന്നു. ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും കെഎസ്ഇബിയിടെ സാലറിയും പെന്‍ഷനും എസ്ബിഐ മുഖേനയാണെന്നും തിരിച്ചടിച്ചു. ട്രഷറി മുഖേനയുള്ള കണക്കാണ് വിടി ബല്‍റാം പോസ്റ്റില്‍ കാണിച്ചതെന്നും മന്ത്രി പറഞ്ഞു. ഇരുവരുടേയും പോസ്റ്റ് വായിക്കാം.
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എംഎം മണി 20/08/2019 ന് മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി? ഒന്നര മാസത്തോളമായിട്ടും ഈ തുക ഇതുവരെ ക്രഡിറ്റ് ആയിട്ടില്ല. മന്ത്രി നൽകിയത് വണ്ടിച്ചെക്കായിരുന്നോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അരങ്ങേറുന്നത് വലിയ സാമ്പത്തികത്തട്ടിപ്പാണോ?
മന്ത്രി മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"ചാടിക്കളിക്കെടാ കൊച്ചുരാമാ" ........
നേതാക്കൾ ബലരാമനോട്.
പാവം ബലരാമൻ........
കേട്ടപാതി കേൾക്കാത്തപാതി
കാര്യമറിയാതെ ചാടി.
ഒരു MLA യുടെ വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.
CMDRF - ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
KSEB യുടെ സാലറിയും പെൻഷനും
SBI മുഖേനയാണ്.
ബലരാമൻ ഇട്ട പോസ്റ്റിലെ സ്ക്രീൻഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ.
അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ?
ബലരാമൻ വെറും 'ബാലരാമൻ' ആവരുത്.