രമയ്‌ക്കെതിരായ അധിക്ഷേപം: എംഎം മണി മാപ്പ് പറയണം, നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം
തിരുവനന്തപുരം: വടകര എം എല്‍ എ കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെയില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. എം എം മണി പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എം എം മണി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

കെ.കെ രമയ്ക്ക് എതിരെ എം.എം മണി നടത്തിയ ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്. എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയും ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ പിന്നാലെ നടന്ന് വേട്ടയാടുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
അവര്‍ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് മണി പറഞ്ഞത്. പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണത്. പാര്‍ട്ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്. പിണറായി വിജയന്റെ പാര്‍ട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്. അതിന് നേതൃത്വം കൊടുത്ത ഒരാള്‍, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയില്‍ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണ്.
കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണിവര്‍. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന ഒരു പാര്‍ട്ടി നിയമസഭയില്‍ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും അതിനെ ന്യായീകരിക്കുകയാണ്. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കും. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ കൊലയാളികളുടെ കൊലവിളി കേട്ടുകൊണ്ടിരിക്കുകയാണെന്ന് മറക്കരുതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം, കെ കെ രമ എം എല്‍എയ്‌ക്കെതിരേ മുന്‍മന്ത്രി എം എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരിക്കലും പറയാന്‍ പാടില്ലാത്തതു പറഞ്ഞെന്നു മാത്രമല്ല, അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരുകയും ചെയ്തത് കേരളത്തിനു അപമാനകരമാണ്. സഭയക്കുള്ളിലോ പുറത്തോ ഇത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ല. അതുണ്ടാക്കുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതും സ്പീക്കര്‍ കണ്ടില്ലെന്നു നടിച്ചതും തെറ്റ്. എംഎല്‍എയെ തിരുത്താന്‍ മുഖ്യമന്ത്രി തുനിഞ്ഞില്ല. രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി മാപ്പു പറയണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications