പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിയായി എം എം മണി സത്യപ്രതിജ്ഞ ചെയ്തു
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിയായി എം എം മണി സത്യപ്രതിജ്ഞ ചെയ്തു. നവംബര്‍ 22 ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു എം എം മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
എം എം മണിയുടെ കുടുംബാംഗങ്ങളും ഇടുക്കിയില്‍ നിന്നുള്ള അനവധി പാര്‍ട്ടി പ്രവര്‍ത്തകരം ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

പിണറായി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പായിരിക്കും എം എം മണിക്ക് ലഭിക്കാന്‍ സാധ്യത. ഉടുമ്പന്‍ചോലയില്‍ നിന്ന് നിയമസഭയിലെത്തിയ എം എം മണി സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവാണ്. ദീര്‍ഘ കാലം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.
ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ രാജിവെച്ചതോടെയാണ് എം എം മണിക്ക് മന്ത്രിസഭയിലേക്കുള്ള വാതില്‍ തുറന്നത്. മണിയെ പോലൊരു ജനകീയ നേതാവിനെ മന്ത്രിയാക്കിയതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും മികച്ച പ്രതിച്ഛായ ഉണ്ടാക്കാനായെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.












Click it and Unblock the Notifications