ജസീറ മണല്‍ വാരിയെന്ന് ആരോപണം
കണ്ണൂര്‍: 'നീ മാട്ടൂലിലെ ചെക്കന്മാരെ കണ്ട്‌ക്കോ' എന്ന പാട്ട് അറം പറ്റിയ പോലെയായി മണല്‍ മാഫിയയ്‌ക്കെതിരായ സമരനായിക ജസീറയുടെ കാര്യം. മണല്‍ മാഫിയയ്ക്ക് എതിരായി തിരുവനന്തപുരത്തും ദില്ലിയിലും സമരം ചെയ്ത ജസീറയ്ക്ക് പണി കൊടുത്തത് മാട്ടൂല്‍ നീരൊഴുക്കും ചാലിലെ നാട്ടുകാരാണ്. വീട് വെക്കാന്‍ വേണ്ടി കടപ്പുറത്ത് നിന്നും മണല്‍ വാരി എന്നാരോപിച്ച് ജസീറയെ നാട്ടുകാര്‍ സംഘടിച്ച് പിടിച്ചുവെക്കുകയായിരുന്നു.
വീട് പണിയാന്‍ വേണ്ടി കടപ്പുറത്ത് നിന്നും മണല്‍ കോരിയ ജസീറയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ ഉപരോധം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത നാട്ടുകാരെ തഹസില്‍ദാര്‍ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ ജസീറയുടെ വീട് ആക്രമിക്കുകയും സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

മാട്ടൂല്‍ നീരൊഴുക്കും ചാലിലെ ജസീറയുടെ വീടിന് മുന്നിലാണ് ആളുകള്‍ ബഹളം വെച്ചത്. ജസീറയുടെ വീട് നിര്‍മിക്കാന്‍ വേണ്ടി കടപ്പുറത്ത് നിന്നും മണല്‍ കോരി എന്നാരോപിച്ചായിരുന്നു ബഹളം. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം നാട്ടുകാരാണ് ജസീറയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇവര്‍ ജസീറയുടെ വീട്ടിലേക്ക് തള്ളിക്കയറാനും ശ്രമം നടത്തിയത്രെ.
പുതിയങ്ങാടിയിലെ മണല്‍ മാഫിയയ്‌ക്കെതിരെ ജസീറ നടത്തിയ ഒറ്റയാള്‍ സമരം വന്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കലും ദില്ലിയിലും ജസീറ സമരം ചെയ്തു. എന്നാല്‍ മണല്‍ മാഫിയയ്‌ക്കെതിരെ സമരം ചെയ്ത ജസീറ സ്വന്തം ആവശ്യത്തിനായി മണല്‍ കോരിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്ന് ആളുകള്‍ പറയുന്നു.












Click it and Unblock the Notifications