കോഴിക്കോട് ജയിലില്‍ വീണ്ടും ഫോണ്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സെപ്ടിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ടിപി വധകേസിലെ പ്രതികള്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ഫോണുകളാണോ കണ്ടെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പൈപ്പില്‍ തടസം കണ്ടതിനെത്തുടര്‍ന്ന് വൃത്തിയാക്കുന്നതിനിടയിലാണ് ഫോണ്‍ കിട്ടിയത്. നോക്കിയയുടെ 101 എന്ന മോഡല്‍ മൊബൈലാണ് കണ്ടെത്തിയത്. ഫോണില്‍ സിംകാര്‍ഡ് ഇല്ലായിരുന്നു.കണ്ടെടുത്ത ഫോണുകള്‍ ജയില്‍ അധികൃതര്‍ പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ജയിലില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ ചാര്‍ജറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ഡിസംബര്‍ 7 നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്.
ഇതോടെ കോഴിക്കോട് ജില്ലാ ജയിലില്‍ തടവ് പുള്ളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നവെന്നതിന് കൂടുതല്‍ വ്യക്തത കൈവരികയാണ്. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗവും മൊബൈല്‍ ഫോണ്‍ ഉപയോഗവും വിവാദമായതോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് രംഗത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചതോടെ അലക്‌സാണ്ടര്‍ ഡേക്കബിനെ ജയില്‍ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇന്‍ലിജന്‍സ് എഡിജിപി ടിപി സെന്‍കുമാറിനാണ് ഇപ്പോള്‍ ജയില്‍ ഡിജിപിയുടെ ചുമതല.












Click it and Unblock the Notifications