കേരളത്തിലും ഉടനെ ബിജെപി അധികാരത്തിലെത്തും, വോട്ട് ഇരട്ടിക്കുമെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ
കോഴിക്കോട്: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി വലിയ വിജയമാണ് സംസ്ഥാനത്ത് ബിജെപി നേടിയത്. സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയു ബീഹാറില്‍ നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ച വെച്ചെതെങ്കിലും ബിജെപിയുടെ ഒറ്റായാള്‍ പോരാട്ടം എന്‍ഡി എ സഖ്യത്തെ വീണ്ടും ബീഹാറില്‍ അധികാരത്തിലെത്തിച്ചു.
ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ 2014മുതല്‍ രാജ്യത്ത് അങ്ങോളം ഇങ്ങോളം ആഞ്ഞടിക്കുന്ന മോദി പ്രഭാവത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലയെന്നത് കൂടുതല്‍ വ്യക്തമാകുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ കാലയളവില്‍ രാജ്യത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ബീഹാറില്‍ ബിജെപി നേടിയ വിജയമെന്ന് കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കുര്യന് വൺ ഇന്ത്യയോട് പ്രതികരിച്ചു. ജോർജ്ജ് കുര്യൻ വൺ ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം വായിക്കാം..

ബീഹാറിലെ ബിജെപി വിജയത്തിന് പിന്നില്‍
കൊറോണക്കു മുന്‍പും പിന്‍പും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമഗ്രമായ വികസനപ്രവര്‍ത്തനങ്ങളാണ് ബിജെപിക്കു ഇത്രയും വലിയ വിജയം നേടിത്തരാന്‍ കാരണം. കേന്ദ്ര സര്‍ക്കാര്‍ ഇടനിലക്കാരില്ലാതെ തന്നെ ജനങ്ങളിലേക്ക് സഹായം എത്തിച്ചു. ഇത് നേരിട്ട് സ്വീകരിച്ച ജനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. അത് കൊണ്ടുതന്നെ അവര്‍ ബിജെപിക്കൊപ്പം നിന്നു. നിതീഷ് കുമാറിനെതിരായി ഒരു വികാരം ബീഹാറില്‍ നിലനിന്നിരുന്നു എന്നാല്‍ സൗജന്യമായ റേഷന്‍ പദ്ധതി, തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ മോദിക്കനുകൂലമായ ഒരു വലിയ തരംഗം സൃഷ്ടിച്ചു. ഇത് തന്നെയാണ് ബിജെപിയെ വലിയ വിജയത്തിലേക്ക് നയിച്ചത്.

ജെഡിയുവും നിതീഷുകുമാറും
ബീഹാറില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നല്ല ഭരണാധികാരിയാണ് നിതീഷ് കുമാര്‍. അഴിമതി പുരളാത്ത മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിന് മുന്‍പ് നിതീഷ് കുമാര്‍ നടത്തിയ ചില പ്രസ്താവനകള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ വളച്ചൊടിക്കുകയും വലിയ രീതിയിലുള്ള പ്രചരണം നല്‍കുകയും ചെയ്തു. ഇതാണ് നിതീഷ്കുമാറിനെതിരെ ബീഹാറില്‍ വികാരം ഉയര്‍ന്നുവരാന്‍ കാരണമായത്. കൂടാതെ അതിഥിതൊഴിലാളികളെ കൂട്ടു പിടിച്ച് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ഒരു വലിയ തരംഗമുണ്ടാക്കാന്‍ ആര്‍ജെഡിക്കു കഴിഞ്ഞു. ഈ രണ്ടു കാരണങ്ങളുമാണ് ജെഡിയുവിന് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറയാന്‍ കാരണം. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പ്രാപ്തി തെളിയിച്ചിട്ടുള്ള ആളാണ് നിതീഷ് കുമാര്‍ അദ്ദേഹം തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി ബീഹാറില്‍ അധികാരത്തിലെത്തും.

മങ്ങലേല്ക്കാതെ മോദി പ്രഭാവം
രാജ്യത്തെ എതിര്‍ക്കുന്ന ശക്തികളെ സമര്‍ഥമായി നേരിടുന്ന പ്രധാനമന്ത്രിയോടുള്ള ആദരവ് ദിവസം കൂടുതോറും രാജ്യത്ത് കൂടിവരികയാണ്. ചൈനക്കും, പാക്കിസ്ഥാനുമെതിരെ ശകതമായ നിലപാട് സ്വീകരിക്കാന്‍ പ്രധാനമന്ത്രിക്കായി. നരേന്ദ്രമോദി രാജ്യത്തിന്റെ ക്ഷേമത്തിനായി വിശ്രമം ഇല്ലാതെ പ്രയത്നിക്കുകയാണ്. 2014മുതല്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മോദി പ്രഭാവം ഒരോ ദിവസം കഴിയുന്തോറും ഇരട്ടിച്ചുവരികയാണെന്നാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. അത് ബീഹാറില്‍ മാത്രമല്ല ഈ അടുത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നത് മോദിയോടൊപ്പമാണ് രാജ്യത്തെ ജനങ്ങളെന്നാണ്.

കേരളത്തില്‍ മാത്രം എന്തുകൊണ്ട് അധികാരത്തിലെത്തുന്നില്ല?
കേരളത്തിനെ സംബന്ധിച്ചിടത്തോളം ഇടതു വലതു സഖ്യങ്ങള്‍ ഏതെങ്കിലും തകര്‍ന്നാല്‍ മാത്രമേ ബിജെപിക്കു ഉയര്‍ന്നു വരാന്‍ സാധിക്കുകയുള്ളു. നിലവില്‍ സംസ്ഥാനത്ത് അത്തരമൊരു പാദയിലാണ് ബിജെപി.കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ സംവിധാനങ്ങള്‍ എല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചു കഴിഞ്ഞു, നേതാക്കള്‍ പലരും ജയിലിന്റെ വക്കിലാണ്. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണ്. ജനങ്ങള്‍ മറ്റൊരു രാഷ്ട്രീയത്തെപ്പറ്റി കേരളത്തില്‍ ചിന്തുച്ചു കഴിഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ കേരളത്തിലും ഉടന്‍ തന്നെ ബിജെപി അധികാരത്തിലെത്തും.

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രതീക്ഷ
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഭരണത്തിലിരിക്കുന്ന പാലക്കാട് നഗരസഭയടക്കം 10 നഗരസഭകളിലും സംസ്ഥാനത്തെ 100 പഞ്ചായത്തുകളിലും എന്‍ഡിഎ സഖ്യം ഈ വട്ടം അധികാരത്തിലെത്തും. നിലവില്‍ 15% വോട്ടാണ് കേരളത്തിന് ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വോട്ടിങ് ശതമാനം ഇരട്ടിയായി ഉയരും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തലെത്താനുള്ള സാധ്യത വളരെ വ്യകതമായി തെളിയും.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും
സംസ്ഥാനത്തെ മിക്കയിടങ്ങളിലും എന്‍ഡിഎ സഖ്യം ആദ്യഘട്ട സ്ഥാനാര്തികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് എന്നാല്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാതെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. നരോന്ദ്ര മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാകും ബിജെപിയുടെ മുഖ്യ പ്രചരണ വിഷയം. രാജ്യത്തെ എല്ലാ ജനങ്ങളേയും പൊലെ നരേന്ദ്ര മോദി സര്‍ക്കരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ലഭിച്ചിട്ടുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. കേന്ദ്ര സര്‍ക്കരിന്റെ പല വികസനപ്രവര്‍ത്തനങ്ങളുടേയും അവകാശം സ്വന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ യാതാര്‍ഥ്യം ജനങ്ങളെ മനസിലാക്കി കൊടുക്കുകയെന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബിജെപിയുടെ മുഖ്യ ലക്ഷ്യം