'രാജാവെന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത മോദി ചെങ്കോൽ തിരിച്ച് കൊണ്ടുവരുന്നു'; രൂക്ഷവിമർശനവുമായി ബേബി
തിരുവനന്തപുരം: ചരിത്രപരമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്ന അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് എംഎ ബേബി. ബ്രിട്ടീഷുകാരുടേയും അവർക്ക് മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെയും കാലത്തെ മൂല്യങ്ങളാണ് ആർ എസ് എസുകാരെ നയിക്കുന്നതെന്നും ആധുനിക ഇന്ത്യ കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും എംഎ ബേബി കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
'ചെങ്കോലും കിരീടവും ഉപേക്ഷിച്ചു എന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദർശം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാർ ഏറ്റെടുത്തത് സുൽത്താൻമാരിൽ നിന്നും രാജാക്കന്മാരിൽ നിന്നും ആണ്. 1947 ഓഗസ്റ്റ് 14ന് തമിഴ്നാട്ടിലെ പുരോഹിതർ നെഹ്രുവിന് ഒരു ചെങ്കോൽ നല്കി എന്നാണ് ഇപ്പോഴത്തെ സർക്കാർ പറയുന്നത്. ഉറപ്പായും, താൻ രാജാവല്ല, ജനപ്രതിനിധിയാണെന്ന് അറിയാമായിരുന്ന പ്രധാനമന്ത്രി നെഹ്രു ആ ചെങ്കോൽ ഒരിടത്തും സ്ഥാപിച്ചില്ല.

ഇന്ത്യയുടെ രാജാവാണ് താൻ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ആ ചെങ്കോൽ തിരിച്ചു കൊണ്ടുവരികയാണ്. പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഒരു ചെങ്കോൽ സ്ഥാപിക്കും എന്ന് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി അടയാളങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഉണ്ടാവും എന്നും അമിത് ഷാ പറഞ്ഞു.
ആർ എസ് എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുപോലുമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷുകാരുടേയും ,അവർക്ക് മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെയും കാലത്തെ മൂല്യങ്ങളാണ് ആർ എസ് എസുകാരെ നയിക്കുന്നത്. ആധുനിക ഇന്ത്യ , കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും', പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
കൊളോണിയല്‍ ഭരണത്തില്‍ ഇന്ത്യ മുക്തി നേടിയതിന്‍റെ പ്രതീകമായി കണ്ടിരുന്ന സ്വര്‍ണ 'ചെങ്കോല്‍' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിക്കുമെന്നായിരുന്നു അമിത് ഷാ ഇന്ന് വ്യക്തമാക്കിയത്. നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും മോദിയുടെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.
മെയ് 28 നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സി പി എം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 ഓളം പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications