'മോദി ഇന്ത്യയെ 125 വര്‍ഷത്തിനുളളിൽ വികസിത രാജ്യമാക്കി മാറ്റും, ഇന്ത്യ കുതിക്കുന്നു കേരളം കിതക്കുന്നു': അനിൽ
കൊച്ചി: മോദിയുടെ കീഴില്‍ ഇന്ത്യ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുകയാണെന്ന് അനില്‍ ആന്റണി. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ യുവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനില്‍ ആന്റണി. കഴിഞ്ഞ 67 വര്‍ഷത്തിനിടെ നടന്നതിനേക്കാള്‍ വികസനമാണ് രാജ്യത്ത് മോദിജിയുടെ 9 വര്‍ഷക്കാലം നടന്നത് എന്നും അനില്‍ ആന്റണി അവകാശപ്പെട്ടു.
'രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ലോകരാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത 5 വര്‍ഷങ്ങള്‍ കൊണ്ട് ജപ്പാനെയും ജര്‍മ്മനിയേയും മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ പോവുകയാണ്, പക്ഷേ കേരളം വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവുളള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ്', അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

'കേരളം ഇന്ത്യയോടൊപ്പം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. മാറ്റത്തിന്റെ സമയമായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി, ഓരോ വ്യക്തിക്കും സാമൂഹികവും സാമ്പത്തികവുമായി മുന്നേറാന്‍ അവസരം കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ ഒരു വികസിത രാജ്യമാക്കി, ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു വിശ്വഗുരുവാക്കി മാറ്റാന്‍ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്,' അനില്‍ ആന്റണി പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അനില്‍ ആന്റണി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് യുവം 2023. ഇന്ത്യയെ കുറിച്ച് വളരെ വ്യക്തമായ ദീര്‍ഘവീക്ഷണം മോദി നയിക്കുന്ന ബിജെപിക്ക് മാത്രമേ ഉളളൂ എന്ന് അനില്‍ ആന്റണി മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു. 'മോദി എവിടെയൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടോ അവിടെയൊക്കെ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് കാണുന്നത്. കേരളത്തിലും അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്'.
നരേന്ദ്ര മോദിക്ക് ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെയുളള വ്യത്യാസങ്ങളൊന്നും ഇല്ലെന്ന് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായുളള കൂടിക്കാഴ്ചയെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായി അനില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് എതിരല്ലെന്നതിന് തെളിവ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെയാണ്. ബിജെപിക്ക് ബദലാകാന്‍ ഒരിക്കലും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications