'300ൽ കൂടുതൽ സീറ്റുകൾ, 2024ൽ മോദി തിരിച്ചെത്തും', പ്രതിപക്ഷ യോഗം ഫോട്ടോ സെഷൻ മാത്രമെന്ന് അമിത് ഷാ
ന്യൂ ഡല്‍ഹി: പാറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. പാറ്റ്‌നയില്‍ നടന്നത് ഒരു ഫോട്ടോ സെഷന്‍ മാത്രമാണെന്ന് അമിത് ഷാ പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി തിരിച്ചെത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
''ഇന്ന് പാറ്റ്‌നയില്‍ ഒരു ഫോട്ടോ സെഷന്‍ നടക്കുകയാണ്. ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എന്‍ഡിഎയ്ക്കും വെല്ലുവിളി ഉയര്‍ത്തണമെന്നാണ് അവര്‍ക്ക്. അവര്‍ എത്ര തന്നെ ശ്രമിച്ചാലും പ്രതിപക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകില്ല. ഇനി അവര്‍ ഒരുമിച്ചാല്‍ തന്നെയും 300ല്‍ അധികം സീറ്റുകള്‍ നേടി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുന്നത് രാജ്യത്തെ ജനങ്ങള്‍ ഉറപ്പാക്കും'', അമിത് ഷാ പറഞ്ഞു.

ജമ്മുവില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. മുന്‍ യുപിഎ സര്‍ക്കാര്‍ 12 ലക്ഷം കോടിയുടെ അഴിമതിയില്‍ പങ്കാളികളായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നിന്ന് അഴിമതി തുടച്ച് നീക്കുന്നതിനുളള ശക്തമായ അടിത്തറയിട്ടുവെന്ന് അമിത് ഷാ വ്യക്തമാക്കി. നാഷണല്‍ കോണ്‍ഫറന്‍സിനേയും പിഡിപിയേയും അമിത് ഷാ കടന്നാക്രമിച്ചു.
''മൂന്ന് കുടുംബങ്ങള്‍ ദശാബ്ദങ്ങളോളം ജമ്മു കശ്മീര്‍ ഭരിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 കാരണം ഇവിടെ ഒരുവിധത്തിലുമുളള വികസനമുണ്ടായില്ല. തീവ്രവാദം കാരണം 42000ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നിട്ടും അവര്‍ പറയുന്നത് ആര്‍ട്ടിക്കിള്‍ 370 സംരക്ഷിക്കപ്പെടണമായിരുന്നു എന്നാണ്'', അമിത് ഷാ കുറ്റപ്പെടുത്തി.
''മോദി ഭരണത്തിന് കീഴില്‍ തീവ്രവാദത്തിന് മൂക്കുകയറിട്ടിരിക്കുകയാണ്. ജമ്മു കശ്മീര്‍ വികസനത്തിന്റെ പുതിയ പാതയിലൂടെ കുതിച്ച് കൊണ്ടിരിക്കുകയാണ്. 2019ല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള തീരുമാനത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം കുറവ് വന്നിരിക്കുകയാണ്''. സൈന്യത്തിന് നേര്‍ക്കുളള കല്ലേറ് പൂര്‍ണമായും ഇല്ലാതായിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications