മോദി പറഞ്ഞത് പച്ചയായ വർഗീയത; എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല?; പ്രകാശ് കാരാട്ട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കാത്തതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കരാണെന്നും കോൺഗ്രസ് വിജയിച്ചാൽ രാജ്യാത്തിന്റെ സ്വത്ത് മുസ്ലീങ്ങൾക്ക് വിഭജിച്ചുകൊടുക്കും എന്നുമാണ് മോദി രാജ്സ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്. പച്ചയായ വർഗീയതയായണ് മോദി പറയുന്നത്. എന്നിട്ടും കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി വലിയ നിരാശയിലാണ്. ഒന്നാം ഘട്ടത്തിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ പോലും ലഭിക്കില്ലെന്ന് ഇൻ്റലിജൻസ് ഏജൻസികളിൽ നിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ടാകാം. അതുകൊണ്ട് മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അധികാരത്തിലെത്തിയാൽ രാജ്യത്തെ ഹിന്ദുക്കളുടെ സ്വത്തുകളും സ്വർണവും പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ടന്നാണ് രാജസ്ഥാനിൽ മോദി പ്രസംഗിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദു വികാരമുണ്ടാക്കി വോട്ട് പിടിക്കലാണ് മോദിയുടെ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ സി പി എം രാജസ്ഥാനിൽ പരാതി നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചെന്ന് മോദി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറക്കം നടിക്കുകയാണ്. രാമക്ഷേത്രത്തിൻ്റെ പേരിൽ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും ആക്ഷേപിച്ച് പ്രചാരണം നടത്തുന്നു. പരാതികൾ നൽകിയിട്ടും കമ്മീഷന് അനക്കമില്ല', അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ലെന്നും അദ്ദേഹം വിമർശിച്ചു. മതം പൗരത്വത്തെ നിർണയിക്കുന്ന ഘടകമായി മാറിയിട്ടും കോൺഗ്രസ് മൗനത്തിലാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമം പരാമർശിക്കാത്തത് ബിജെപിയുമായി സന്ധിചെയ്യുന്നതിൻ്റെ ഭാഗമാണ്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയ്ശ്രീറാം മുദ്രാവാക്യം ഉയർത്തിയപ്പോൾ ജയ് ഹനുമാൻ വിളിച്ചാണ് കോൺഗ്രസ് നേതാവ് കമൽനാഥ് നേരിട്ടത്. ബിജെപി ഭരണം നേടുകയും ചെയ്തു.ഉത്തരേന്ത്യയിൽ രാഹുൽ മത്സരിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. മിക്ക വിഷയങ്ങളിലും ബിജെപിയുമായി സന്ധിചെയ്യുന്ന കോൺഗ്രസ് ഇക്കാര്യത്തിലും മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നായകനെന്നവകാശപ്പെടുന്ന രാഹുൽ ഗാന്ധി അവർക്ക് സ്വാധീനമില്ലാത്ത വയനാട്ടിൽ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. കേരളത്തിൻ്റെ ബദൽ തകർക്കാൻ മോദിസർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് എംപി മാർ അതിനും കൂട്ടുനിന്നു. മതനിരപേക്ഷതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. എൽഡിഎഫ് സർക്കാരാണ് ഇവരെ നയിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷത്തിന് സ്വാധീനം കുറവാണെങ്കിലും ബിജെപിയെയും ആർഎസ്എസിനെയും ചെറുക്കുന്നതിൽ വലിയ പങ്കാണ് ഇടതുപക്ഷം വഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ ഉറച്ച നിലപാടിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications