ആദ്യം ഉടക്ക്.. കേസ്: ആ പരിചയം സൗഹൃദത്തിലേക്ക്, നടന്‍ ജോജുവിനെക്കുറിച്ച് മുഹമ്മദ് ഷിയാസ്
കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്ന താരമായിരുന്നു നടന്‍ ജോജു ജോർജ്. ആശുപത്രിയില്‍ പോകേണ്ടവർ അടക്കം വഴിയില്‍ കുടുങ്ങിയതോടെ ജോജു വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകരും മുന്നോട്ട് വന്നു. ജോജുവിന്റെ വാഹനത്തിന്റെ ചില്ല തകർക്കുന്നതിലാണ് ഇത് കലാശിച്ചത്.
ഈ സംഭവത്തിന് പിന്നാലെ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും ജോജുവിനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നു. സമരം നടത്തിയത് കോൺഗ്രസുകാർ ആയത് കൊണ്ട് അത്തരത്തിൽ പ്രതിഷേധിച്ചിട്ടും ആംബുലൻസിൽ പോകാതെ സ്വന്തം കാറിൽ തന്നെ സ്റ്റേഷനിലേക്കും ആശുിപത്രയിലേക്കും പോകാൻ ജോജുവിനായതെന്നുമായിരുന്നു ഷിയാസിന്റെ പ്രതികരണം.

ഉപരോധ സമരത്തിനിടയിലേക്ക് കള്ളുകുടിച്ചെത്തിയ നടന്‍ ജോജു ജോര്‍ജ് വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നും ജോജുവിന്റെ കാറില്‍ മദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായിരുന്നെന്നും ഷിയാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തിന് ശേഷം ജോജുവുമായി സൌഹാർദ്ദത്തിലായ കഥയാണ് ഷിയാസിന് ഇപ്പോള്‍ പറയാനുള്ളത്. കഴിഞ്ഞ ദിവസം താരത്തെ കണ്ടതിനെക്കുറിച്ചുള്ള കുറിപ്പും ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
കുറേ കാലങ്ങൾക്ക് ശേഷമാണ് ജോജുവിനെ നേരിൽ കാണുന്നത്. ഇന്ധനവില കൊള്ളക്കെതിരായ സമരമുഖത്തെ സംഭവബഹുലമായ അന്നത്തെ കൂടിക്കാഴ്ചയായിരുന്നു ഒരർത്ഥത്തിൽ ആ സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് നയിച്ചത്. തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതിൽ ജോജുവിന്റെ ഇടപെടലും കാരണമായി.
നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോൺഗ്രസ് മുൻഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതിൽ സന്തോഷം.
വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം. ജനകീയ സമരഭൂമി തന്നെ അതിനൊരു മൈതാനിയൊരുക്കുന്നത് അന്ധത അഭിനയിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും ഓർമ്മിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്.












Click it and Unblock the Notifications