'ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുത്', പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണമെന്ന് മോഹൻ ഭാഗവത്
തിരുവനന്തപുരം: ഹിന്ദുക്കള്‍ പൊതുപരിപാടികളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഇംഗ്ലീഷ് സംസാരിക്കരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. പത്തനംതിട്ടയില്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ഹൈന്ദവ ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ധര്‍മം എന്നത് ഹിന്ദു മതത്തിന്റെ ആത്മാവ് ആണെന്നും ഓരോരുത്തരും അത് പിന്തുടരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആഴ്ചയില്‍ ഒരു തവണയെങ്കിലും എല്ലാ കുടുംബങ്ങളും ഒത്ത് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയോ പാരമ്പര്യത്തിന് അനുസരിച്ചുളള ജീവിത രീതിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയോ വേണം. നമ്മള്‍ സംസാരിക്കുന്ന ഭാഷ, സഞ്ചരിക്കുന്ന സ്ഥലങ്ങള്‍, ധരിക്കുന്ന വേഷം എന്നിവ നമ്മുടെ ആചാരങ്ങളുമായി ചേര്‍ന്ന് പോകുന്നതാണോ എന്നത് ആലോചിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെ സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം. അവിടങ്ങളില്‍ സഹായം ആവശ്യമുളള നമ്മുടെ സഹോദരങ്ങളെ കാണണം. നമ്മള്‍ ഇംഗ്ലീഷ് സംസാരിക്കരുത്. മാത്രമല്ല പ്രാദേശിക ഭക്ഷണം വേണം കഴിക്കാന്‍. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പരമ്പരാഗതമായ വേഷവിതാനങ്ങള്‍ വേണം പിന്തുടരാന്‍. വിദേശ വസ്ത്രങ്ങള്‍ ഒഴിവാക്കണം, മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗവത് കേരളത്തില്‍ എത്തിയിരിക്കുന്നത്.
ഒരു സമൂഹം എന്ന നിലയ്ക്ക് ഹിന്ദുക്കള്‍ ശക്തിപ്പെടണമെന്നും അതിജീവനത്തിന് വേണ്ടി ഒരുമിക്കണമെന്നും ആര്‍എസ്എസ് തലവന്‍ ആഹ്വാനം ചെയ്തു. ശക്തിപ്പെടുക എന്നതിന് അതിന്റേതായ ഭയങ്ങളുമുണ്ട്. കാരണം ആ ശക്തിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. അത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ആകരുത്. ലോകമെമ്പാടുമുളള പല പ്രശ്‌നങ്ങള്‍ക്കും കാരണം മതമാകുന്നത് എന്തുകൊണ്ടെന്നാല്‍ പലരും കരുതുന്നത് തങ്ങളുടെ മതവും വിശ്വാസവും മാത്രമാണ് മഹത്തരം എന്നതിനാലാണ്. ഹിന്ദുമതം വ്യത്യസ്തമാണ്. കാരണം ഹിന്ദുമതം പിന്തുടരുന്നത് സനാതന ധര്‍മ്മത്തെയാണ്, സനാതന ധര്‍മ്മം ആഹ്വാനം ചെയ്യുന്നത് ഐക്യത്തിനാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.












Click it and Unblock the Notifications