ആം ആദ്മിയെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: ദില്ലി തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ആം ആദ്മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് സൂപ്പര്‍ താരം മോഹന്‍ ലാല്‍ രംഗത്ത്. ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം(www.thecompleteactor.com) എന്ന തന്റെ വെബ്‌സൈറ്റിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പേര് പറയാതെയുള്ള പ്രകീര്‍ത്തനം.
രണ്ട് കാര്യങ്ങള്‍ താന്‍ പറയാറില്ല എന്ന് പറഞ്ഞാണ് ലാല്‍ എഴുതി തുടങ്ങിയിരിക്കുന്നത്. പരദൂഷണവും രാഷ്ട്രീയവും ആണ് ലാല്‍ പറയാത്ത രണ്ട് കാര്യങ്ങള്‍. പരദൂഷണം മോശമായ ഒരു കാര്യം ആയതിനാലും രാഷ്ട്രീയത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്തുകൊണ്ടും അണ് ഇങ്ങനെ. എന്നാല്‍ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ലാല്‍ പറയുന്നു.

ദില്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അദ്ഭുതത്തോടെയാണ് താന്‍ വീക്ഷിച്ചതെന്ന് ലാല്‍ പറയുന്നു. നിലവിലെ വ്യവസ്ഥിതിയോടുള്ള കടുത്ത മടുപ്പും പുതിയ ഒരു വ്യവസ്ഥക്ക് വേണ്ടിയുള്ള ദാഹവുമാണ് ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജം. ഒരു കുഞ്ഞ് പിറക്കുന്നതുപോലെ, പുതിയ ഉദയം പോലെ എന്നൊക്കെയാണ് ലാല്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ ഉപമിക്കുന്നത്.
ദില്ലിയില്‍ സംഭവിച്ചത് വിപ്ലവം അല്ലെന്നും അതിനെ വെളിപാട് എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മോഹന്‍ലാന്‍ എഴുതുന്നു.

ലാലിന്റെ വാക്കുകള്‍ ഇങ്ങനെ
"എന്റെ മകന്റേയും മകളുടേയും പ്രായത്തിലുള്ളവരാണ് ഏറെയും. ഈ തലമുറയില്‍ പെട്ടവരെ പൊതുവേ 'അരാഷ്ട്രീയ ജീവികള്‍' എന്ന് വിളിച്ച് പരിഹസിക്കാറായിരുന്നു പതിവ്. എന്നാല്‍ ഈ അരാഷ്ട്രീയ ജീവികള്‍ ചേര്‍ന്നാണ് 28 സീറ്റുകളില്‍ ജയിച്ചത്... ഇത് എന്ത് കൊണ്ടാണ് സംഭവിച്ചത്? എനിക്ക് തോന്നിയ കാര്യം പറയാം. അരാഷ്ട്രീയ ജീവികള്‍ എന്ന് വിളിച്ച് മാറ്റി നിര്‍ത്തിയ ഈ തലമുറക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. അത് ജനങ്ങള്‍ കണ്ട് ശീലിച്ച അരോപണ പ്രത്യാരോപണങ്ങളും സമരങ്ങളും ഹര്‍ത്താലുകളും കല്ലേറുകളും അടിപിടികളും കൊലപാതകങ്ങളും അഴിമതിയും നിറഞ്ഞ ഒരു രാഷ്ട്രീയം ആയിരുന്നില്ല.
കൂടുതല്‍ തൊഴിലവസരങ്ങളും തൂടുതല്‍ നീതിയും തുല്യതയും നിയമപാലനവും ഉള്ള ഒരു ക്രമത്തിന് വേണ്ടി അവര്‍ ആഗ്രഹിച്ചിരുന്നു. അത് എങ്ങനെ നേടും എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. നിലവിലുള്ള എല്ലാ അധികാര കേന്ദ്രങ്ങളും അഴിമതി അടക്കമുള്ള തിന്‍മകളില്‍ മുങ്ങി, പൊള്ളയായ വാക്കുകളില്‍ അഭിരമിച്ച് കഴിയുന്നതാണ് അവര്‍ കണ്ടത്. അത് കൊണ്ട് അവര്‍ 'അരാഷ്ട്രീയ ജീവികളായി' നിശ്ശബ്ദം തുടര്‍ന്നു. പറ്റിയ ഒരു അവസരം വന്നപ്പോള്‍ സര്‍വ്വ ശക്തിയോടെയും പുറത്ത് വന്നു. അതാണ് ദില്ലിയില്‍ സംഭവിച്ചത്."
ദില്ലിയിലെ ഈ വെളിപാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ ലാല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാം












Click it and Unblock the Notifications