മോഹൻലാലും മാധ്യമപ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്; മോഹൻലാൽ പറഞ്ഞത് ഇങ്ങനെ
നടൻ മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ട സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ കൈയ്യിലുണ്ടായിരുന്ന ഗൺ മൈക്ക് കൊണ്ടത്. അദ്ദേഹത്തോട് പ്രതികരണം ആരായുന്ന തിരക്കിനിടയിലാണ് ഇത് സംഭവിച്ചത്.തുടർന്ന് കണ്ണ് പൊത്തി പിടിച്ച് അദ്ദേഹം കാറിലേക്ക് കയറി പോകുന്ന ദൃശ്യങ്ങൾ വൈറലായി. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബ്ബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണെന്നാണ് ചിലർ ചോദിച്ചത്.

'മോഹൻലാൽ ഭരണഘടനാപരമായോ നിയമപരമായോ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നയാളല്ല, ഒരു കലാകാരനാണ്, സിനിമാ അഭിനേതാക്കളുടെ മാത്രം സംഘടനയുടെ ഭാരവാഹിയാണ്. അതുകൊണ്ടുതന്നെ ചാനലുകളോട് പ്രതികരിക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്', എന്നായിരുന്നു വിഷയത്തിൽ വിടി ബൽറാം കുറിച്ചത്.
അതേസമയം മോഹൻലാൽ ആ സന്ദർഭത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത രീതിയെ ആരാധകർ പുകഴ്ത്തുകയാണ്. സാധാരണ രീതിയിൽ അൽപമെങ്കിലും അനിഷ്ടം പ്രകടിപ്പിക്കാൻ ഇട വരുത്തുന്ന ഒരു സംഭവമായിട്ട് കൂടി അദ്ദേഹം ഒരു തരത്തിലും ദേഷ്യപെടുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
'മോഹൻലാലിൻ്റെ കണ്ണിൽ മാധ്യമ പ്രവർത്തകൻ്റെ മൈക്ക് കൊള്ളുന്ന വീഡിയോ കണ്ടു.എന്തൊരു വൃത്തികേടാണ് അയാൾ കാണിച്ചത്. എത്രയോ പ്രാവശ്യം തനിക്കറിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. എന്നിട്ടും ഒരു മിനിമം മര്യാദ അയാൾ (അല്ല അവർ) കാണിക്കുന്നില്ല എന്നതാണ് സത്യം. അതേ സമയം മോഹൻലാൽ മര്യാദയുടെയും ക്ഷമയുടെയും നെല്ലിപ്പലകയിൽ നിന്നാണ് അപ്പോൾ പ്രതികരിച്ചത്. എന്താ മോനേ കാണിച്ചത് എന്ന് ചോദിച്ച് ഒരു പരാതി പോലും പറയാതെ കണ്ണും തടവിക്കൊണ്ട് കാറിൽ കയറി പോവുകയാണ് ചെയ്തത്. മോഹൻലാലിൻ്റെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും ശക്തമായി പ്രതികരിച്ചേനെ. അങ്ങനെ പ്രതികരിക്കേണ്ടത് ആവശ്യവും ആയിരുന്നു. ലാലിന് പകരം തൃശ്ശിവപ്പേരൂർ രാജ്യത്തെ രാജ്യാധിപൻ എങ്ങാനും ആയിരുന്നെങ്കിൽ എന്നാലോചിച്ചിട്ട് എനിക്ക് തന്നെ പേടിയാവുന്നു. പാവം മോഹൻലാൽ. കണ്ണിന് കാര്യമായ പരിക്കൊന്നും ഉണ്ടാവാതിരിക്കട്ടെ', മനോജ് വെള്ളനാട് കുറിച്ചു.
അതിനിടയിൽ ഇപ്പോഴിതാ ആ സംഭവത്തിന് ശേഷം മാധ്യമപ്രവർത്തകനും റിപ്പോർട്ടറും തമ്മിലുള്ള ഫോൺ സംഭാഷണവും വൈറലാവുകയാണ്. മോഹൻലാൽ തന്നെയാണ് മാധ്യമപ്രവർത്തകനെ വിളിച്ച് സംസാരിച്ചത്. ഇതിന്‌റെ സംഭാഷണം മോഹൻലാലിന്റെ ഫാൻ ഗ്രൂപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും സംഭാഷണം വായിക്കാം
ഞാൻ മോഹൻലാൽ ആണേയെന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണം തുടങ്ങുന്നത്. ഉടൻ തന്നെ ലാലേട്ട എനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നാണ് റിപ്പോർട്ടറുടെ മറുപടി. ഏയ് അതിനൊന്നും കുഴപ്പമില്ല,നോ പ്രോബ്ലം എന്ന് മോഹൻലാൽ പറയുന്നുണ്ട്.
'കഴിഞ്ഞ കാര്യമല്ലേ! കണ്ണിന് കുഴപ്പമൊന്നുമില്ല പറ്റിയാലും ഒന്നും ചെയ്യാൻ ഒക്കില്ലലോ. ഇത് എന്താ അറിയോ, നമ്മൾ ഒരു അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റ് ഇടും പറയുന്നു, നമ്മൾ ഇട്ടോളാൻ പറയുന്നു. അതിനിടക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത കാര്യം സംസാരിക്കാനാകില്ലല്ലോ, അതാണ് ഞാൻ പറഞ്ഞത് എനിക്ക് അറിയില്ല. അറിഞ്ഞൂടാത്തൊരു കാര്യം ഞാൻ നിങ്ങളോട് സംസാരിക്കാൻ പറ്റില്ലലോ. അതുകൊണ്ടാണ് പറഞ്ഞത് എനിക്ക് അറിയില്ല അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്. പുരികത്തിൽ കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രേ ഉള്ളു.. വേറെ കുഴപ്പമൊന്നും ഇല്ല മോനെ ടേക്ക് കെയർ, ഞാൻ പക്ഷെ നോക്കി വെച്ചിട്ടുണ്ട് കേട്ടോ', ചിരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.












Click it and Unblock the Notifications