മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവോടെയെങ്കില്‍ തെറ്റ്: നാസർ ഫൈസി കൂടത്തായി
മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയെന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് കേരളക്കര ഒന്നാകെ വരവേറ്റ്. മുന്‍മന്ത്രിയും എം എല്‍ എയുമായ കെടി ജലീല്‍ അടക്കമുള്ളവർ ഇരുവരും കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ നാസർ ഫൈസി കൂടത്തായി നടത്തിയ പ്രതികരണമാണ് വലിയ രീതിയില്‍ ചർച്ചയാകുന്നത്.
മമ്മൂട്ടിയുടെ അറിവോട് കൂടിയാണ് മോഹന്‍ലാല്‍ ശബരിമലയില്‍ പൂജ നടത്തിയതെങ്കില്‍ വിശ്വാസപരമായി അത് തെറ്റാണെന്നാണ് 'ന്യൂസ് 18 കേരള'യുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് നാസർ ഫൈസി കൂടത്തായി പറഞ്ഞത്. ശബരിമലയിലെ പൂജ മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണമെന്ന് വിമർശിച്ച് നേരത്തെ പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്‌ദുള്ള രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ചാനല്‍ ചർച്ച.

'അയാളുടെ അറിവോട് കൂടിയാണെന്നും ഞാനത് പറഞ്ഞിട്ടാണ് മോഹന്‍ലാല്‍ വഴിപാട് നടത്തിയതെന്നും മമ്മൂട്ടി വ്യക്തമാക്കുകയാണെങ്കില്‍ അത് വിമർശനാത്മകവും പ്രതിഷേധാർഹവുമാണ്. മതപരമായ വിധിപ്രകാരം അതിന് പരിഹാരം കാണേണ്ടതാണ്' നാസർ ഫൈസി കൂടത്തായി പറഞ്ഞു.
മമ്മൂട്ടി ഒരു ഇസ്ലാം മതവിശ്വാസിയാണെങ്കില്‍ അദ്ദേഹം അങ്ങനെ പറഞ്ഞ് ചെയ്യിക്കുന്നത് മതവിശ്വാസ പ്രകാരം തെറ്റാണ്. അതായത് അദ്ദേഹത്തിന്റെ അറിവോടെയാണ് ഇക്കാര്യം നടന്നതെങ്കില്‍ ഇക്കാര്യം ശരിയല്ല. മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ മതവിശ്വാസ പ്രകാരമുള്ള ആചാരങ്ങള്‍ തുടരട്ടെ. മോഹന്‍ലാല്‍ ചെയ്ത കർമ്മത്തില്‍ മമ്മൂട്ടിക്ക് വിരോധം ഇല്ലെങ്കില്‍ പ്രതികരിക്കേണ്ട ആവശ്യം ഇല്ല. മമ്മൂട്ടിയുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു കാര്യം നടന്നതെങ്കില്‍ മാത്രമേ ചർച്ച ചെയ്യപ്പെടേണ്ടതുള്ളുവെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു.
ഒരു മതവിശ്വാസി മതവിശ്വാസത്തിന് എതിരായ കാര്യം ചെയ്താല്‍ മതവിധി അനുസരിച്ചുള്ള പ്രതിവിധി തേടുകയാണ് ചെയ്യേണ്ടത്. അല്ലാതെ പൊതുസമൂഹത്തോടെ ഇസ്ലാം മതവിശ്വസികളോടൊ മാപ്പ് പറയേണ്ട ആവശ്യമില്ല. എന്നാല്‍ ദൈവത്തോട് ചില കടമകളും കടപ്പാടുകളുമുണ്ട്. അത് പൂർത്തിയാക്കിയാല്‍ മതി. മതവിധി പാലിക്കുകയല്ലാതെ ആരോടും മാപ്പ് പറയേണ്ടതില്ല.
മോഹന്‍ലാല്‍ ചെയ്ത കാര്യത്തില്‍ സാധാരണ ഗതിയില്‍ മമ്മൂട്ടി പ്രതികരിക്കേണ്ട ആവശ്യമില്ല. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ വിശ്വാസപ്രകാരമുള്ള കടമ ചെയ്തു. മമ്മൂട്ടി അദ്ദേഹത്തിന്റെ രീതിയില്‍ പോകട്ടെ. അല്ലാതെ മമ്മൂട്ടിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല. അദ്ദേഹം പൂർണ്ണമായി ഈ വിഷയത്തില്‍ നിരപരാധിയാണെന്നും നാസർ ഫൈസി കൂട്ടിച്ചേർക്കുന്നു.
അതേസമയം, മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ലയുടെ വാദം. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം. മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തില്‍ ഒ അബ്ദുള്ള പറയുന്നു.
മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നും ഒ അബ്ദുല്ല കൂട്ടിച്ചേർത്തു.
എന്നാല്‍ 'ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെ. മലയാളത്തിൻ്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും അഭിനയ സിദ്ധികൾ വ്യത്യസ്തമാണ്. തുലനം ചെയ്യാൻ പറ്റാത്ത അത്ര വ്യതിരിക്തമാണ് രണ്ട് പേരുടെയും അഭിനയ നൈപുണ്യം. മോഹൻലാൽ മമ്മൂട്ടിക്കോ, മമ്മൂട്ടി മോഹൻലാലിനോ ഭീഷണിയല്ല. ആവുകയുമില്ല.' എന്നായിരുന്നു ഈ വിഷയത്തില്‍ കെടി ജലീല്‍ എം എല്‍ എ നേരത്തെ കുറിച്ചത്.
രണ്ട് പേരും അഭിനയ കല രക്തത്തിൽ അലിഞ്ഞു ചേർന്ന മഹാപ്രതിഭകളാണ്. മമ്മൂട്ടിയും മോഹൻലാലും മൽസരിച്ച് അഭിനയിച്ചതിൻ്റെ ഗുണം കിട്ടിയത് നടനകലാ ലോകത്തിനാണ്. ഒരേമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇവർ മാതൃകയാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ഒരായിരം നൻമകകളും പ്രാർത്ഥനകളും - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications