'മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചു, പറഞ്ഞത് ശരിയല്ല, മമ്മൂട്ടിക്കുള്ള വഴിപാട് രസീറ്റ് ചോര്‍ത്തിയിട്ടില്ല'
തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയ വിവരം അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ഒരുമയുടെയും തെളിവായി ഇതിനെ വാഴ്ത്തപ്പെട്ടു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ഉഷഃ പൂജ മോഹന്‍ലാല്‍ നടത്തിയത്.
മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനവും വഴിപാടും. ഇതിന്റെ രസീറ്റ് പുറത്ത് വന്നതോടെയാണ് വഴിപാട് വിവരം വാര്‍ത്തയായത്. ഭാര്യ സുചിത്രയ്ക്ക് വേണ്ടിയും മോഹന്‍ലാല്‍ വഴിപാട് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിച്ചതില്‍ അപാകതയുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

എമ്പുരാന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. സാധാരണ എല്ലാവര്‍ക്കുമുണ്ടാകുന്ന പോലെയായിരുന്നു അത്. ആശങ്കപ്പെടാനില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. ശേഷം മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാടിനെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു.
ശബരിമലയില്‍ പോയിരുന്നു. മമ്മൂട്ടിക്ക് വേണ്ടി പൂജ ചെയ്തു. ദേവസ്വം ബോര്‍ഡിലെ ആരോ രസീറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതാണെന്ന് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വളരെ വ്യക്തിപരമായ കാര്യമാണത്. അത് എന്തിന് പറയണം. എന്റെ സുഹൃത്തും സഹോദരനുമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ വഴിപാടില്‍ ഒരു തെറ്റുമില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
മോഹന്‍ലാലിന്റെ വാക്കുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ജീവനക്കാരല്ല രസീറ്റ് ചോര്‍ത്തിയത്. വഴിപാട് നടത്തിയ വ്യക്തിക്ക് രസീറ്റിന്റെ ഒരു ഭാഗം നല്‍കാറുണ്ട്. കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കുക. ബാക്കി ഭക്തന് കൈമാറുമെന്നും ബോര്‍ഡ് വിശദീകരിച്ചു.
ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. നടന്‍ വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി കൗണ്ടറില്‍ പണം അടച്ച വ്യക്തിക്ക് രസീറ്റിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. മോഹന്‍ലാല്‍ വസ്തുതകള്‍ ബോധ്യമായി തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞാഴ്ചയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്. എമ്പുരാന്‍ ചിത്രം പുറത്തിറങ്ങാനിരിക്കെയായിരുന്നു മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനം.












Click it and Unblock the Notifications