'ആദ്യമായി നല്ലത് പറഞ്ഞതിന് നന്ദി'; മോഹന്‍ലാലിന് കൈയ്യടി; അടൂരിന് കിട്ടേണ്ട മറുപടി തന്നെയെന്ന്
ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരർഹനായ മോഹൻലാലിനെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച 'ലാല്‍ സലാം' വലിയ വിജയമായിരിക്കുകയാണ്. ചടങ്ങിനിടെ അടൂർ ഗോപാലകൃഷ്ണന്‍ നടത്തിയ ഒരു പരാമർശമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. 'രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്' എന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
മോഹൻലാലിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നതിന്റെ ജൂറി ചെയർമാനായിരുന്നു താനെന്ന് അദ്ദേഹം ഓർമിച്ചു. മോഹൻലാലിന് ദേശീയ തലത്തിലുള്ള ബഹുമതികൾ ലഭിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌ക്കാരം ലഭിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളം അദ്ദേഹത്തെ ആദരിക്കുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഓരോ മലയാളിക്കും തങ്ങളുടെ പ്രതിബിംബം മോഹൻലാലിൽ കാണാനാകും. അതിനാലാണ് ലോകത്ത് എവിടെ ജീവിക്കുന്ന മലയാളികളുടെയും സ്‌നേഹപാത്രമാകാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മോഹൻലാലിന് കൂടുതൽ അഭിനയജീവിതവും വിജയങ്ങളും ഉണ്ടാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

അടൂർ ഗോപാലകൃഷ്ണന് മോഹന്‍ലാലിനോട് കാലങ്ങളായി നിലനില്‍ക്കുന്ന വൈര്യം ഇവിടേയും പ്രതിഫലിപ്പിച്ചെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയും ദിലീപും അടക്കമുള്ളവരെ വെച്ച് സിനിമകള്‍ എടുത്തിട്ടുള്ള അടൂർ മോഹന്‍ലാലുമായി ഇതുവരെ ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. എന്ത് തന്നെയായാലും അടൂരിനുള്ള മറുപടിയ ലാല്‍സലം വേദിയില്‍ വെച്ച് മോഹന്‍ലാല്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.
'എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി', എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. മോഹന്‍ലാലിന്റെ ആ മറുപടിയില്‍ തന്നെ എല്ലാമുണ്ടെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.
'ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം എനിക്ക് നൽകുന്നത്. ഈ സ്‌നേഹത്തിന് മുന്നിൽ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല'' - സംസ്ഥാന സർക്കാരിന്റെ ആദരം 'മലയാളം വാനോളം ലാൽസലാം' പരിപാടിയിൽ ഏറ്റുവാങ്ങി മറുമൊഴി നൽകുകയായിരുന്നു മോഹൻലാൽ.
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം സിനിമ എന്ന കലാരൂപത്തിനുവേണ്ടി ഫാൽക്കെ സമർപ്പിച്ച ജീവിതമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത്. മുംബൈയിലെ ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സിലെ ചിത്രകലാ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, 'രാജാ ഹരിശ്ചന്ദ്രൻ' എന്ന സിനിമയിലേക്ക് നടന്നുപോയ ദൂരങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, അധ്വാനങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിയപ്പോൾ, സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഭൂമിയോളം ശിരസ്സ് നമിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു.
താനടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും 120 വർഷങ്ങൾക്ക് മുമ്പ് സിനിമയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദാസാഹിബ് ഫാൽക്കെ തന്നെയാണെന്ന് മോഹൻലാൽ പറഞ്ഞു.
സിനിമ എന്ന സങ്കീർണ കലാരൂപത്തെക്കുറിച്ച് യാതൊന്നും അറിയാതെ തിരുവനന്തപുരത്തെ തെരുവുകളിൽവെച്ച് സിനിമ എടുക്കാൻ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും, സിനിമയിൽ കയറാനായി മദ്രാസിലേക്ക് പോയതും, സുഹൃത്തുക്കൾ ഫോട്ടോ സംവിധായകൻ ഫാസിലിന് അയച്ചുകൊടുത്തതും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിൽ വന്നതും 48 വർഷത്തെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർക്കുന്നു.
അഭിനയകാലത്തെ ഒരു മഹാകൃതിയായി സമീപിച്ചാൽ, താൻ തീരത്തെ മരച്ചിലയിൽ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണ്. ഒഴുക്കിൽ മുങ്ങിപ്പോകുമ്പോൾ ഏതൊക്കെയോ കൈകൾ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരുപിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ത രൂപം കൈവരുന്നു. തിരക്കഥാകൃത്തുക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, ക്യാമറാമാൻമാർ, മുഖത്ത് ചായം തേച്ചവർ, കഥാപാത്രങ്ങൾക്ക് വെളിച്ചം നൽകിയവർ, അതുപോലെ തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികൾ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നു.
'ഇതുതന്നെയാണോ എന്റെ തൊഴിൽ?' എന്ന് ആലോചിക്കുമ്പോഴും, 'ലാലേട്ടാ' എന്ന സ്‌നേഹത്തോടെയുള്ള വിളികൾ തന്നെ മഹാനദിയുടെ പരപ്പിൽ മുങ്ങിപ്പോകുമ്പോൾ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകാൻ പറയുന്നു. ഏതൊരു കലാകാരനെന്നപോലെ തന്റെ ജീവിതത്തിലും കരിയറിലും ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. വാനോളം പ്രശംസകളും പാതാളത്തോളം താഴ്ത്തുന്ന വിമർശനങ്ങളും താൻ അനുഭവിച്ചിട്ടുണ്ട്, രണ്ടിനെയും സമചിത്തതയോടെയാണ് കാണുന്നത്. തനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. കാണുന്നവർക്ക് താൻ അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നുന്നുവെങ്കിൽ അത് തനിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തിയുടെ അനുഗ്രഹമാണെന്ന് മോഹൻലാൽ പറഞ്ഞു.












Click it and Unblock the Notifications